pic

ന്യൂഡൽഹി: ലഷ്‌കറെ തൊയ്ബ കമാന്‍ഡറും 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സാക്കിര്‍ റഹ്മാന്‍ ലഖ്‌വിയെ അറസ്റ്റ് ചെയ്‌ത പാകിസ്ഥാന്റെ നടപടി പ്രശംസിച്ച് അമേരിക്ക. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുകയും ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്‌തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്.

"തീവ്രവാദ നേതാവായ സാക്കിര്‍ റഹ്മാന്‍ ലഖ്‌വിയെ പാകിസ്ഥാൻ അറസ്റ്റുചെയ്തതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായവും നൽകിയതിൽ ഇയാളുടെ പങ്ക് വ്യക്തമാണ്." യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ബ്യൂറോ ഓഫ് സൗത്ത് ഏഷ്യൻ അഫയേഴ്സ് ട്വീറ്റ് ചെയ്‌തു.

സാക്കിര്‍ റഹ്മാന്റെ പ്രോസിക്യൂഷൻ നടപടികളും ശിക്ഷാവിധിയും വ്യക്തമായി നിരീക്ഷിക്കുമെന്നും
മുംബയ് ആക്രമണത്തിലുള്ള സാക്കിറിന്റെ പങ്ക് കണക്കാപ്പെടണമെന്നും യു.എസ് അറിയിച്ചു.
2008ൽ നടന്ന മുംബയ് ഭീകരാക്രമണത്തിൽ ആറ് യു.എസ് പൗരൻമാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചവരില്‍ ഒരാളാണ് സാക്കിർ റഹ്മാന്‍ ലഖ്‌വി. മുംബയ് ഭീകരാക്രമണ കേസില്‍ പാകിസ്ഥാനിൽ അറസ്റ്റിലായിരുന്ന ഇയാൾ 2015ൽ ജയിൽ മോചിതനായിരുന്നു.