തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചിൽ ഒരു സ്ത്രീക്ക് വിഷാദ രോഗം ഉണ്ടാവുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആണുങ്ങളേക്കാൾ സ്ത്രീകൾ കൂടുതലായി വിഷാദരോഗത്തിന് അടിമപ്പെടുന്നു. ഋതുമതിയാകുമ്പോൾ തൊട്ട് ആർത്തവ വിരാമം വരെ സ്ത്രീകൾ പലതരത്തിലുളള ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നു പോകുന്നു . ഓരോ അവസ്ഥയിലും സ്ത്രീകളിൽ വ്യത്യസ്ത മാനസിക സംഘർഷങ്ങൾ ആയിരിക്കും ഉടലെടുക്കുക. ഇത്തരം മാനസിക ശാരീരിക സംഘർഷങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ അത് ചിലപ്പോൾ എത്തിക്കുന്നത് വിഷാദരോഗത്തിലേക്കായിരിക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
സ്‌ത്രീകളിലെ വിഷാദ രോഗലക്ഷണങ്ങൾ
സങ്കടം, ഉത്‌കണ്‌ഠ, നിസംഗമായ മാനസികാവസ്ഥ
മുമ്പ് ആസ്വദിച്ചിരുന്ന സെക്‌സ് ഉൾപ്പടെ പലതിനോടുമുളള വിരക്തി
പെട്ടെന്ന് ദേഷ്യം വരുക
കാരണമില്ലാതെ നിർത്താതെ കരയുക
ഉറക്കമില്ലായ്‌മ, വിശപ്പില്ലായ്‌മ, അകാരണമായ കുറ്റബോധം
നിസ്സഹായാവസ്ഥ, പ്രതീക്ഷ നഷ്‌ടപ്പെടുക
ഭാരം അമിതമായി കൂടുകയോ കുറയുകയോ ചെയ്യുക
ശ്രദ്ധ ചെലുത്താൻ കഴിയാതിരിക്കുക, ആത്മഹത്യാ പ്രവണത
വളരുമ്പോൾ മാറിക്കോളും എന്ന് കരുതരുത്
മുതിർന്ന സ്ത്രീകൾ മാത്രമല്ല വിഷാദരോഗത്തിന് അടിമപ്പെടുന്നത്. ഒരു പെൺകുട്ടി കൗമാരത്തിലേക്ക് കടക്കും മുമ്പ് പോലും തീവ്രമാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകാം. കുട്ടിയുടെ വിമർശന ബുദ്ധി രൂപപ്പെടുന്നത് 10-12 വയസോടെയാണ്. അതിനുമുമ്പ് പുറമേ നിന്ന് മനസിലേക്ക് വരുന്ന ആശയങ്ങളെല്ലാം കാര്യമായ എതിർപ്പുകളില്ലാതെ മനസിന്റെ ഉളളറയിൽ പതിഞ്ഞുപോകാം. അതിനാൽ, ഈ കാലഘട്ടത്തിൽ ആരോഗ്യ പൂർണമായ മനസ് നിലനിർത്തുന്നത് വളരെ പ്രധാനമാണ്.
എന്നാൽ, വിവിധ തരത്തിലുളള ശാരീരിക ചൂഷണങ്ങൾക്കും മാനസിക പീഡനങ്ങൾക്കും അധികം വിധേയരാകുന്നത് പെൺകുട്ടികളാണ്. അവ സൃഷ്‌ടിക്കുന്ന ആഴമേറിയ മാനസിക മുറിവുകൾ, പിന്നീട് ജീവിത കാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്ന പലവിധ മനോഭ്രംശങ്ങളുടേയും തായ്‌വേരായി നിലകൊളളാം. ഇക്കാരണത്താൽ കുട്ടികളുടെ ബാല്യം അങ്ങേയറ്റം കരുതലോടെയും സുരക്ഷിതത്വത്തോടെയും ആയിരിക്കണം. ഏതെങ്കിലും വിധത്തിലുളള മാനസികാഘാതം കുട്ടിക്ക് ഉണ്ടായാൽ ‘‘അതു വളരുമ്പോൾ മാറിക്കോളും’’ എന്നു കരുതുന്നത് അപകടകരമാണ്. ആ സമയത്ത് പ്രൊഫഷണലായ മാനസിക ചികിത്സ കുട്ടിക്ക് ലഭ്യമാക്കിയാൽ വരുംകാലത്ത് ആ കുട്ടിക്ക് സംഭവിക്കാനിടയുളള വിവിധങ്ങളായ മാനസിക പ്രശ്‌നങ്ങളെ മുളയിലേ നുളളാം.
നേരത്തെയുളള ആർത്തവം അപകടമോ?
സാധാരണ 13–15 വയസിലായിരുന്നു ആദ്യ ആർത്തവം സംഭവിച്ചിരുന്നത്. ഇന്നത് 9–12 വയസിലേക്കു ചുരുങ്ങി. ഭക്ഷണത്തിലും ജീവിത ശൈലിയിലും വന്ന മാറ്റങ്ങളാണ് അതിന്റെ പ്രധാന കാരണം. തന്റെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ പോലുമാകാത്ത പ്രായത്തിൽ നേരത്തേയെത്തുന്ന ആദ്യ ആർത്തവം പെൺജീവിതത്തിലെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നതായി മാനസിക വിദഗ്ദ്ധർ പറയുന്നു.
വളരെ നേരത്തെ ആർത്തവം എത്തുന്ന പെൺകുട്ടികളിൽ 30 വയസിനുളളിൽ വിഷാദരോഗം ബാധിക്കാനുളള സാദ്ധ്യത ഇരട്ടിയാണ്. അതുപോലെ സമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ എർപ്പെടാനുളള സാദ്ധ്യതയും ഈ കുട്ടികളിൽ കൂടുതലായിരിക്കും. ഇവയ്‌ക്ക് പുറമേ ഉത്കണ്‌ഠ, പിരിമുറുക്കം, പിടിവാശിപോലെയുളള വിവിധ പ്രശ്‌നങ്ങളും ഈ പെൺകുട്ടി കൂടുതലായി അനുഭവിക്കേണ്ടി വരാം. ഇക്കാര്യം നേരത്തേ മനസിലാക്കി, മുൻകൂട്ടിയുളള മനഃശാസ്ത്ര സഹായം ലഭ്യമാക്കാൻ രക്ഷാകർത്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഞാൻ എന്തുകൊണ്ടാ ഇങ്ങനെ?
ലോകാരോഗ്യ സംഘനയുടെ വിലയിരുത്തൽ പ്രകാരം മനോരോഗികളിൽ 50 ശതമാനം പേരുടെയും രോഗാരംഭം ഏതാണ്ട് 14 വയസിലായിരുന്നു എന്നാണ്. കൗമാരകാലത്ത് നല്ലൊരുപങ്ക് പെൺകുട്ടികളിലും ആർത്തവാരംഭത്തിന് മുമ്പുളള ദിവസങ്ങളിൽ കടുത്ത ദേഷ്യം, നിരാശ, വിഷാദം, ഉത്കണ്‌ഠ, അസ്വാസ്ഥ്യം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ കാണാറുണ്ട്. പി.എം.ഡി.ഡി (Premenstrual dysphoric disorder) എന്ന ഈ അവസ്ഥ നേരിയതോതിൽ ഏതാണ്ട് 80 ശതമാനം പേരിലും കാണാം. പക്ഷേ, മിക്കപ്പോഴും പെൺകുട്ടികൾ ഇതു തിരിച്ചറിയാതെ പോകുകയാണ് പതിവ്. ‘‘ഞാൻ എന്തുകൊണ്ടാ ഇങ്ങനെ?’’ എന്ന ചിന്തയ്‌ക്കപ്പുറത്തേയ്ക്ക് അവർ ആലോചിക്കില്ല. എല്ലാ തവണയും ഈ പ്രശ്‌നം രൂക്ഷമായി അനുഭവിക്കുന്നവർ വിദഗ്ദ്ധ സഹായം തേടേണ്ടതാണ്. കാരണം ഓരോ മാസവുമുളള ഈ ദുരനുഭവം കൗമാരത്തിൽ മാത്രമല്ല തുടർന്നുളള ജീവിതത്തിലും ഏറിയോ കുറഞ്ഞോ അനുഭവപ്പെടാം.
വിഷാദം പലഘട്ടങ്ങളിൽ
ആർത്തവത്തിന് മുമ്പ്: മാസംതോറും ആർത്തവം തുടങ്ങുന്നതിന് മുമ്പ് വിഷാദമുണ്ടാകാം. വന്നുപോകുന്ന ഈ വിഷാദാവസ്ഥ തീവ്രമാണെങ്കിൽ ചികിത്സ തേടാൻ മടിക്കരുത്. ഏതാണ്ട് 5 മുതൽ 10 ശതമാനം വരെ സ്ത്രീകളിൽ ഏകാഗ്രതയില്ലായ്‌മ, ഓർമ്മക്കുറവ്, നിരാശ, ഉത്കണ്‌ഠ , ശ്രദ്ധക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്.
ആർത്തവ വിരാമത്തിൽ: 40–48 വയസുകളിൽ സംഭവിക്കുന്ന ആർത്തവ വിരാമത്തോടനുബന്ധിച്ചുളള ഹോർമോൺ വ്യതിയാനങ്ങൾ വിഷാദം വരുത്താം. ലൈംഗിക താത്പര്യക്കുറവ്, പെട്ടെന്ന് ശരീരം വിയർക്കുന്ന ഹോട്ട്ഫ്ലാഷസ്, ഉറക്കപ്രശ്നങ്ങൾ എന്നിവയുടെ അനുബന്ധമായാണ് വിഷാദവും കടന്നു വരിക.
പ്രസവാനന്തരം: മുമ്പ് വിഷാദരോഗമുളളവരിലും ഗർഭകാലത്ത് സാമൂഹിക, ദാമ്പത്യജീവിതത്തിൽ പ്രശ്‌നങ്ങൾ അനുഭവിച്ചവരിലും പ്രസവശേഷം വിഷാദ രോഗസാദ്ധ്യത കൂടുതലാണ്. വിഷാദരോഗികളായ അമ്മമാർ പൊതുവെ സ്വന്തം ശരീരപരിചരണത്തിലും ശിശുപരിചരണത്തിലും വിമുഖത കാണിക്കും. ചെറിയതോതിൽ വികാര വിക്ഷോഭവും പിരിമുറുക്കവും ഉത്കണ്ഠയും പ്രകടമാകുന്ന ‘‘പോസ്റ്റ് പോർട്ടം ബ്ലൂ’’ ആണ് ഇതിൽ സാധാരണം. ബന്ധുക്കളുടെ കരുതലും അനുഭാവപൂർവമായ പെരുമാറ്റവും മതിയാകും ഇതു മറികടക്കാൻ. എന്നാൽ, പോസ്റ്റ്പാർട്ടം ഡിപ്രഷൻ, പോസ്റ്റ്പാർട്ടം സൈക്കോസിസ് പോലയുളള തീവ്ര രോഗാവസ്ഥകളിൽ അടിയന്തരമായി ചികിത്സിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും ജീവനുതന്നെ ഈ അവസ്ഥ ഭീഷണിയാവാം.
മറ്റ് കാരണങ്ങൾ: വന്ധ്യത, കുട്ടിയുടെ മരണം, ഗർഭഛിദ്രം, ദാമ്പത്യതകർച്ച, പങ്കാളിയിൽ നിന്നുളള പീഡനം
വാർദ്ധക്യത്തിലും വില്ലൻ
വാർദ്ധക്യത്തിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ഏകാന്തതയുമാണ് ഈ കാലഘട്ടത്തിലെ മാനസിക പ്രശ്‌നങ്ങളുടെ പ്രധാന കാരണം. ജീവനെടുക്കുന്ന മാരക രോഗങ്ങളുടെ സാന്നിദ്ധ്യം മുതൽ ശാരീരികമായും സാമ്പത്തികമായുമൊക്കെയുളള പരാശ്രയത്വം, മക്കൾ അകന്നു പോകുന്നതുമൊക്കെ വാർദ്ധക്യത്തിലെത്തിയ സ്ത്രീകളെ കടുത്ത മാനസിക പ്രശ്‌നങ്ങളിലേക്ക് തളളി വിടാറുണ്ട്. ഭർത്താവിന് പൊതുവേ പ്രായം കൂടുതലുളളതിനാൽ അദ്ദേഹത്തിന്റെ വിയോഗത്തോടെ തനിച്ചാകുന്ന സ്ത്രീകൾ ‘എംപ്റ്റി നെസ്റ്റ് സിൻഡ്രോം’ എന്ന മാനസിക ഏകാന്ത അവസ്ഥയിലേക്ക് എത്തിച്ചേരാനുളള സാദ്ധ്യത കൂടുതലാണെന്ന് മനശാസ്‌ത്ര വിദഗ്ദ്ധർ പറയുന്നു.
വാർദ്ധക്യത്തിലെ സാമ്പത്തിക ഭദ്രത സ്ത്രീകൾ നേരത്തേ ഉറപ്പു വരുത്തുന്നത് നല്ലൊരളവോളം ഈ സമയത്തെ മാനസിക പ്രശ്‌നങ്ങളെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളെയും അതിജീവിക്കാൻ കരുത്തു നൽകുമെന്നാണ് മനശാസ്‌തജ്ഞരുടെ പക്ഷം. മാത്രമല്ല ചെറുപ്പത്തിലേയുണ്ടായിരുന്ന വിവിധ മാനസിക രോഗാവസ്ഥകൾ കൃത്യമായി ചികിത്സിച്ച് മാറ്റുന്നതും മാനസികാരോഗ്യമുളള വാർദ്ധക്യത്തിന് സ്‌ത്രീകളെ സഹായിക്കും. പൊതുവായ, സാമൂഹ്യ കാര്യങ്ങളിൽ ഇടപെടുന്നത് ഈ സമയത്തെ മാനസികാരോഗ്യത്തെ പരമാവധി മെച്ചപ്പടുത്തുമെന്നും പഠനങ്ങൾ പറയുന്നു.