കൊച്ചി: വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്ന് നൽകിയ സംഭവത്തിൽ വി ഫോർ കേരള സംഘടന പ്രവർത്തകർ അറസ്റ്റിൽ. വിഫോർ കേരള കൊച്ചി കോർഡിനേറ്റർ നിപുൺ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരാണ് അറസ്റ്റിലായത്. പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട വൈറ്റില മേൽപ്പാലമാണ് ഇന്നലെ തുറന്നുകൊടുത്തത്. അരൂർ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്ത് വാഹനങ്ങൾ മേൽപാലത്തിലേക്ക് കടത്തിവിടുകയായിരുന്നു. വാഹനങ്ങൾ പാലത്തിന്റെ മറുവശത്ത് എത്തിയപ്പോൾ അവിടെ ബാരിക്കേഡുകൾ ഉണ്ടായതിനാൽ ആലുവ ഭാഗത്തേക്ക് പ്രവേശിക്കാനായില്ല. ഇത് ഗതാഗതക്കുരുക്കിന് കാരണമായി.
ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസിൻറെ കണക്കുകൂട്ടൽ.അർദ്ധരാത്രി നാൽപതോളം പൊലീസുകാർ കാക്കനാട്ടെ ഫ്‌ളാറ്റ് വളഞ്ഞാണ് നിപുണിനെ അറസ്റ്റ് ചെയ്തത്. പാലത്തിൽ അതിക്രമിച്ചു കയറിയതിന് 10 വാഹന ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
മേൽപാലം തുറന്ന് കൊടുക്കാൻ വൈകുന്നെന്ന് ആരോപിച്ച് വി ഫോർ കൊച്ചി നേരത്തെ സമരം നടത്തിയിരുന്നു. അതേസമയം മേൽപ്പാലം തുറന്നത് തങ്ങളല്ലെന്ന് വി ഫോർ കേരള ഭാരവാഹികൾ അറിയിച്ചു.