covid-19

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കൊവിഡ് വ്യാപനം വർദ്ധിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയത്. നിലവിൽ വയനാട്ടിലാണ് ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

വയനാട്ടിൽ നൂറ് പേരെ പരിശോധിക്കുമ്പോൾ പന്ത്രണ്ട് പേർക്ക് പോസിറ്റീവാകുന്നു. പത്തനംതിട്ടയിൽ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനം വർദ്ധിച്ച് 11.6 ശതമാനത്തിലെത്തി. എറണാകുളത്തും രോഗികളുടെ എണ്ണം കൂടുകയാണ്.

കൊവിഡ് ബാധിച്ചു മരിച്ചവരുടെ പ്രായവും റിപ്പോർട്ടിൽ പറയുന്നു. പത്ത് വയസിന് താഴെയുളള ആറ് കുട്ടികളും, പതിനൊന്നിനും ഇരുപതിനും മധ്യേയുള്ള ഒമ്പത് പേരും, ഇരുപത്തിയൊന്നിനും മുപ്പതിനും ഇടയിലുളള മുപ്പത്തഞ്ച് പേരും, മുപ്പത്തിയൊന്നിനും നാല്പതിനും മധ്യേയുളള എഴുപത്തേഴ് പേരും, നാൽപതിനും അറുപതിനും ഇടയിലുള്ള 779 പേരും, അറുപതിനു മുകളിൽ പ്രായമുളള 2210 പേരും മരിച്ചു.

കൊവിഡ് പരിശോധന വർദ്ധിപ്പിക്കണമെന്നും അരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം കണ്ടെയിൻമെന്റ് സോണുകളിൽ പോളിയോ തുള്ളിമരുന്ന് നൽകുന്നത് നീട്ടിവയ്ക്കാൻ അധികൃതർ നിർദേശം നൽകി. നിയന്ത്രണങ്ങൾ നീങ്ങുന്നതിനനുസരിച്ച് ഇവിടെ മരുന്ന് വിതരണം ചെയ്യും.