തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നികുതി വർദ്ധനവ് ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനപ്രിയ പ്രഖ്യാപനങ്ങളിലല്ല മറിച്ച് സുസ്ഥിര വികസനത്തിനാകും ഊന്നലെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്ത് സാമ്പത്തികമായി നട്ടെല്ലൊടിഞ്ഞ സംസ്ഥാനത്തെ ഒന്ന് നിവർത്തി നിർത്തുക തന്നെ പ്രധാന വെല്ലുവിളിയാണ്. എത്ര പ്രതിസന്ധിയുണ്ടായാലും കേരളത്തെ പട്ടിണിയിലാക്കില്ലെന്നും തോമസ് ഐസക്ക് അവകാശപ്പെട്ടു.
സർക്കാരിന്റെ പതിവ് വരുമാന വഴികൾ ഇടിഞ്ഞതോടെ കേന്ദ്ര വായ്‌പയുടെ ബലത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സൗജന്യ പദ്ധതികൾ, കൊവിഡ് ചികിത്സ, വാക്‌സിനുമെല്ലാം സംസ്ഥാനത്ത് വലിയ ചിലവുകളാണുണ്ടാക്കുന്നത്. മറുഭാഗത്ത് വരുമാനം ഉയർത്തുന്നതിലെ വെല്ലുവിളികളുമുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
തൊഴിലില്ലായ്‌മ പരിഹരിക്കാനുളള വഴികൾക്കാണ് 2021ൽ ഊന്നൽ നൽകുക. മൂന്ന് മാസത്തേക്കുളള വോട്ട് ഓൺ അക്കൗണ്ട് എന്നതിനപ്പുറം തുടർഭരണത്തിൽ വിശ്വസിച്ച് തന്നെയാണ് സാമ്പത്തികാസൂത്രണം. കൊവിഡ് പ്രതിസന്ധിയിലെ കൈത്താങ്ങ് തുടരും. എന്നാൽ ഭരണമൊഴിയും മുമ്പ് വോട്ടർമാരെ പ്രീണിപ്പിക്കാനുളള പതിവ് കുറുക്കുവഴികളിലേക്ക് സർക്കാർ ഇല്ലെന്നും ധനമന്ത്രി പറയുന്നു.