cpm

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥിനിർണയ ചർച്ചകളിലേക്ക് സി പി എം കടക്കുന്നു. ജില്ലാ കമ്മിറ്റി യോഗങ്ങൾക്കൊപ്പം അനൗപചാരികമായി സ്ഥാനാർത്ഥി നിർണയ ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ചില ജില്ലകളിൽ ഘടകകക്ഷികളുമായുളള സീറ്റ് വച്ചുമാറൽ സംബന്ധിച്ചും പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

പാർട്ടിയിലെ നിരവധി സിറ്റിംഗ് എം എൽ എമാരോട് മണ്ഡലങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സി പി എം നിർദേശം നൽകിയിട്ടുണ്ട്. ഇവർക്കെല്ലാം സീറ്റ് ഉറപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ പുതുമുഖങ്ങളെയും യുവാക്കളെയും രംഗത്തിറക്കാനാണ് പാർട്ടി പ്രധാനമായും ആലോചിക്കുന്നത്.

ജില്ലാ കമ്മിറ്റി യോഗങ്ങളിൽ അതത് ജില്ലകളുടെ ചുമതലയുളള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് പുറമേ ഒന്നോ രണ്ടോ മുതിർന്ന നേതാക്കൾ കൂടി പങ്കെടുക്കുന്നുണ്ട്. ഇവർ ജില്ലകളിലെ മുതിർന്ന നേതാക്കളുമായി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ആശയവിനിമയം നടത്തുമെന്നാണ് വിവരം.

ജില്ലാ കമ്മിറ്റി യോഗങ്ങൾ കഴിഞ്ഞാലുടൻ നിയമസഭാമണ്ഡല അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപവ‌ത്കരിക്കും. താഴേത്തട്ടിലേക്കും തിരഞ്ഞെടുപ്പ് കമ്മിറ്റികൾ ഉടൻ നിലവിൽവരും. കേരള കോൺഗ്രസിന് (ജോസ് വിഭാഗം) അടക്കം നൽകുന്ന സീറ്റുകളുടെ കാര്യത്തിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ജെ ഡി എസ് പിളർന്നതും എൽ ജെ ഡി വന്നതുമെല്ലാം എൽ ഡി എഫിന് തലവേദനയാണ്. വടകര ഉൾപ്പടെയുളള സീറ്റുകളിൽ എൽ ജെ ഡി അവകാശവാദം ഉന്നയിച്ച് കഴിഞ്ഞു. കഴിഞ്ഞ തവണത്തേതിന് സമാനമായി പൊതുസമ്മതരായ അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഇത്തവണയും സി പി എമ്മിന് വേണ്ടി മത്സരത്തിനിറങ്ങുമെന്നാണ് വിവരം. മുകേഷ്, വീണ ജോർജ്, നികേഷ് കുമാർ അടക്കമുളളവർ കഴിഞ്ഞതവണ സി പി എം സ്ഥാനാർത്ഥികളായിരുന്നു.