കൊച്ചി: വാളയാറിലെ പെൺകുട്ടികൾക്ക് ഒടുവിൽ നീതി ലഭിച്ചു. പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെയും പെൺകുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീൽ അംഗീകരിച്ച ഹൈക്കോടതി കേസിൽ പുനർവിചാരണയ്‌ക്ക് ഉത്തരവിട്ടു. പാലക്കാട് പോക്‌സോ കോടതിയാണ് മുൻപ് സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതികളായ വി മധു, എം മധു, ഷിബു, പ്രദീപ് എന്നിവരെ വിട്ടയച്ചത്.
കേസ് അന്വേഷിച്ച പൊലീസ് തുടക്കം മുതൽ തന്നെ പ്രതികൾക്ക് അനുകൂലമായാണ് നിന്നതെന്ന് പെൺകുട്ടികളുടെ രക്ഷകർത്താക്കളുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പാലക്കാട് പോക്‌സോ കോടതി വിധിക്കെതിരെ ആറ് കേസുകളാണ് സർക്കാർ ഹൈക്കോടതിയിൽ ഫയൽ ചെയ്‌തത്. പോക്‌സോ കോടതി വിധി റദ്ദാക്കി പുനർവിചാരണ നടത്തണം എന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. കേസിൽ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടാൽ കൂടുതൽ അന്വേഷണം നടത്താൻ തയ്യാറാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രതികളിലൊരാൾ ഇതിനകം ആത്മഹത്യ ചെയ്‌തതിനാൽ ബാക്കിയുളള നാല് കേസിലും പുനർവിചാരണക്കായി സ്‌പെഷ്യൽ കോടതിയിലേക്ക് മടക്കിയയക്കാനാണ് ഇന്ന് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
കേസിൽ വിധി പറഞ്ഞ ഹൈക്കോടതി ചില ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തി. കേസിൽ പ്രാഥമികാന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്‌ചയെ കുറിച്ചും, കേസ് കോടതിയിൽ ആദ്യം വാദിച്ച രണ്ട് പ്രോസിക്യൂട്ടർമാർക്കുണ്ടായ വീഴ്‌ചയെ കുറിച്ചും, വിചാരണ കോടതിക്ക് സംഭവിച്ച വീഴ്‌ചയെ കുറിച്ചും കോടതി വിധിന്യായത്തിൽ പരാമർശിച്ചു.
അന്വേഷണ ഏജൻസി ആവശ്യപ്പെടുകയാണെങ്കിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകി. കേസിലെ പ്രതികളെ വീണ്ടും വിചാരണ ചെയ്യാൻ കോടതി അനുവാദം നൽകി. അന്വേഷണ സംഘത്തിന് പുതിയ സാക്ഷികളെ വിസ്‌തരിക്കാനും കോടതി അനുവദിച്ചു. ഇത്തരം കേസുകളിൽ നോട്ടപ്പിഴകളും വീഴ്‌ചകളും ഒഴിവാക്കാൻ പോക്‌സോ കോടതികളിലെ ജഡ്‌ജിമാർക്ക് വേണ്ട പരിശീലനം നൽകാൻ ജുഡീഷ്യൽ അക്കാഡമി ഡയറക്‌ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
ജനുവരി 20ന് കേസിലെ അവശേഷിക്കുന്ന മൂന്ന് പ്രതികളും പുനർവിചാരണക്ക് വിചാരണ കോടതി മുൻപാകെ ഹാജരാകാനും ഹൈക്കോടതി ആവശ്യപ്പെട്ടു.