ഇതെഴുതിത്തുടങ്ങുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ഒരു ബാല്യമുണ്ട്. പാടത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന തോടിന്റെ വരമ്പത്ത് കളിവീടുണ്ടാക്കി വിതയ്ക്കും വിളയ്ക്കും കാവലിരിക്കുന്ന ഒരു കുട്ടിയും കർഷകത്തൊഴിലാളികളുടെ മക്കളായ കൂട്ടുകാരും. മേഘക്കൂട്ടംപോലെ പാടത്തേക്കു പാറിവരുന്ന പ്രാവുകളെയും പച്ചക്കിളികളെയും പാട്ടകൊട്ടി പായിക്കുന്ന ബാല്യം. പൊരിവെയിലിൽ പെയ്യുന്ന ചെറുമഴയുടെ കുളിരുണ്ട് ആ ഓർമ്മകൾക്ക്. കണ്ണുതുറക്കാത്ത അധികാരമുഖങ്ങളിലേക്ക് പിച്ചവയ്ക്കുകയാണ് ആ ഓർമ്മകളും.
എല്ലാ യുദ്ധങ്ങളും തോൽക്കാനുള്ളതല്ല. ചില പോരാട്ടങ്ങളിലെങ്കിലും ഏഴകൾക്കും ജയിക്കണം. തോറ്റുപോകുന്ന സമരങ്ങൾക്ക് ആളെക്കൂട്ടാൻ മാത്രമുള്ളതല്ല മണ്ണിന്റെ മക്കളുടെ ജീവിതം. ഓർക്കുക, അടിമകളല്ല കർഷകർ. അധികാരികൾക്കും അടിമകൾക്കും ദൈവദൂതന്മാർക്കും ഭിക്ഷാടകർക്കും ജീവൻ നിലനിറുത്താനും വളരാനും ഉയരാനും അന്നം ഉത്പാദിപ്പിച്ചു നൽകുന്ന ദൈവങ്ങളാണ്. ഒന്നരമാസമായി അവർ ദില്ലിയിലെ രാപ്പലുകളെ കണ്ണീരും ക്രോധവും കൊണ്ട് വിഭ്രമിപ്പിക്കുന്നു. കൊടുംതണുപ്പിലും പെരുമഴയിലും ഉപജീവനത്തിന്റെ വഴിയടയാതിരിക്കാൻ സമരം ചെയ്യുകയാണവർ. ലോകരാഷ്ട്രങ്ങൾ ആദരവോടെ കാണുന്ന,സന്യാസജീവിതം നയിച്ചിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അതിന്റെ ദൈന്യതയും തീവ്രതയും കാണാനാവുന്നില്ല. ഹാ! കഷ്ടം എന്നല്ലാതെ എന്തു പറയാൻ.
കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കാനും ശാക്തീരിക്കാനും കർഷകരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്താനുമാണ് കാർഷിക വിള വിപണന വാണിജ്യ നിയമവും കാർഷിക കരാർ നിയമവും കൊണ്ടുവന്നതെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ഉത്പാദനം മെച്ചപ്പെടുത്താനുള്ള പുതിയ മാർഗങ്ങൾ സ്വീകരിക്കാനോ വിളകൾക്ക് മികച്ച വില കിട്ടാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ സഹായിക്കുന്നതാണ് ഈ നിയമങ്ങളെന്നും പ്രധാനമന്ത്രി ഉൾപ്പെടെ ആവർത്തിക്കുന്നു. പിന്നെന്താണ് പ്രശ്നം?
കാർഷിക വിളകൾ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണസംവിധാനം വഴി വില്ക്കുകയുമാണ് ഇതുവരെയുണ്ടായിരുന്ന രീതി. പുതിയ നിയമങ്ങൾ നടപ്പിലാകുന്നതോടെ ഈ സംവിധാനം തകരും. കാർഷികവിളകൾ പരമ്പരാഗത ചന്തകൾക്കുപുറമേ വിപണനം ചെയ്യാനും സംസ്ഥാനാന്തര ഇടപാടുകൾ നടത്താനും സ്വാതന്ത്ര്യമുണ്ടാകുന്നതോടെ നിലവിലുള്ള താങ്ങുവില സമ്പ്രദായം അസ്തമിക്കും. ഉത്പാദനം ആരംഭിക്കുന്നതിനു മുൻപുതന്നെ വിളകൾ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറിൽ ഏർപ്പെടാനും വഴിതുറക്കും. അതോടെ കാർഷികമേഖല വൻ കോർപ്പറേറ്റുകളുടെ കൈയിലകപ്പെടും. കോർപ്പറേറ്റ് കൂട്ടായ്മകൾ നിശ്ചയിക്കുന്ന വിലയ്‌ക്ക് കാർഷികവിളകൾ നൽകാൻ കർഷകർ നിർബന്ധിതരാകും. ഭീതിതമായ ഈ ആശങ്കയാണ് എല്ലാം ഇട്ടെറിഞ്ഞ് ഇന്ത്യയിലെമ്പാടുമുള്ള കർഷകരെ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ പ്രേരിപ്പിച്ചത്.
ഒഴിഞ്ഞ വാട്ടർബോട്ടിൽ രണ്ടായികീറി ചെരുപ്പായണിഞ്ഞാണ് ഭൂമിയോളം ശിരസു കുനിഞ്ഞുപോയ പല ദരിദ്ര കർഷകരും രാജ്യത്തിന്റെ കൃഷിയിടങ്ങളിലൂടെ പൊള്ളുന്ന വെയിലിൽ ചുവടു വയ്‌ക്കുന്നത്. ഇന്ന് ജീവിക്കാനുള്ള അവകാശത്തിനായി രാപ്പകലുകളെ കീറിമുറിച്ച് സമരത്തിന് തീ പകരുകയാണവർ. ഒരു പക്ഷേ, കേന്ദ്രസർക്കാർ പറയുന്നതാവും ശരി. എന്നാൽപ്പോലും ഈ സമരം തോൽക്കാൻ പാടില്ല. കാരണം, ജനാധിപത്യത്തെ പരമപവിത്രമായി കരുതുന്ന ഇന്ത്യയിൽ പുലരേണ്ടതും നടപ്പിലാവേണ്ടതും ജനാഭിലാഷമാണ്. അധികാരികളല്ല, ജനങ്ങളാണ് യജമാനന്മാർ എന്ന് ബോദ്ധ്യപ്പെടുത്താനുള്ള അവസരമാണിത്. ഇവിടെ തോറ്റാൽ, ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കും ദരിദ്രർക്കും ഇനിയും പലതും കൈയൊഴിയേണ്ടിവരും. കൊവിഡ് കാലം മടക്കി വിളിച്ചുകൊണ്ടിരിക്കുന്ന ചെറുകിട മേഖലകളെയാകെ വൻകിടകുത്തകളുടെ കൈകളിലേക്ക് പൂജിച്ചു നൽകാനുള്ള രാസപ്രവർത്തനങ്ങളാണ് സമാന്തരമായി നടന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ സൂചനയാണ് ഈ സമരവും സമരത്തിനു പിന്നിലെ യാഥാർത്ഥ്യങ്ങളും വിരൽചൂണ്ടുന്നത്.
കെട്ടിയ മുടി കച്ചയാൽ മൂടി,
ചുറ്റിയ തുണി ചായ്ച്ചൊന്നു കുത്തി,
വെറ്റില ചവച്ചുന്മദമോളം
വെട്ടിടുമരിവാളുകളേന്തി,
ഒന്നിച്ചാനമ്രമെയ്യോടേ നിൽപ്പു
കന്നിപ്പാടത്തു കൊയ്ത്തുകാർ നീളെ- എന്ന് മഹാകവി വൈലോപ്പിള്ളി പാടിയത് ഓർമ്മവരുന്നു. ഗ്രാമീണവശ്യത പകരുന്ന അത്തരം കാഴ്ചകൾ അന്യമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഡൽഹിയിൽ നടക്കുന്ന സമരത്തിന്റെ വിശ്വരൂപം കാണാനായെന്നു വരില്ല. നമ്മൾ ഭക്ഷിക്കുന്ന വിഭവങ്ങൾ ഉൾപ്പെടെ വിളയിച്ചുതരുന്ന വടക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഡൽഹിയുടെ ചൂടിനെയും തണപ്പിനെയും മഴയെയും ഇരുട്ടിനെയും അതിജീവിക്കാതെ തരമില്ല.
'ശുഭ്ര മേഘ പരമ്പരപോലെ'- അവർ വന്നുനിറയുകയാണ്. അതൊരു കരിമേഘപരമ്പരയാകും മുമ്പ് ഇളംകാറ്റായി മാറാൻ ഭരണകൂടത്തിനു കഴിയണം.
‘പലതിനും കാത്തിരിക്കാൻ കഴിയും, കൃഷിക്കൊഴികെ’ എന്ന് ജവഹർലാൽ നെഹ്രു പറഞ്ഞത് ഓർമ്മിക്കാം. ഒരമ്പലം നശിച്ചാൽ അത്രയും വിശ്വാസം കൂടുകയോ കുറയുകയോ ചെയ്യാം. പക്ഷേ, കാർഷികമേഖലയുടെ ഒരറ്റമെങ്കിലും നശിച്ചാൽ അത്രയും ജീവിതം മാത്രമല്ല നശിക്കുന്നത്, അതു ഭക്ഷിക്കാൻ കാത്തിരിക്കുന്ന അകലെയെങ്ങോ ഉള്ള മനഷ്യരും വയറ് പൊത്തിപ്പിടിക്കേണ്ടിവരും. ഒരു ചെറിയ വരൾച്ചയോ വെള്ളപ്പൊക്കമോ ഏതെങ്കിലും കാർഷികമേഖലയിൽ സംഭവിക്കുമ്പോൾ അത്രയും ഉത്പന്നം കിട്ടതാവുന്നതും കോർപ്പറേറ്റുകൾ പൂഴ്‌ത്തി വച്ചിരിക്കുന്ന പഴയ സാധനങ്ങൾ തീവിലയ്‌ക്ക് വാങ്ങി ഭക്ഷിക്കേണ്ടി വരുന്നതും പലതവണ നമ്മൾ അനുഭവിച്ചതാണ്.
കാർഷികബില്ല് ഓർഡിനൻസായി ഇറങ്ങിയ നാൾമുതൽ രാജ്യത്തെമ്പാടും ഉയർന്നുവന്ന പ്രതിഷേധ സമരങ്ങൾ 2020 നവംബർ 26 നാണ് ഡൽഹിലേക്കു മാർച്ച് ചെയ്തത്. അതിനെ ചെറുത്തു തോൽപ്പിക്കാനുള്ള ഭരണകൂട സന്നാഹങ്ങൾക്ക് വഴിമാറിനിൽക്കേണ്ടി വന്നു. പക്ഷേ, സമരം അവസാനിപ്പിക്കാനുള്ള ഒരു വഴിയും ഇതുവരെ തുറന്നു വന്നില്ല. കൊട്ടിയടയ്ക്കുന്ന വാതിലുകൾ വെട്ടിപ്പൊളിക്കപ്പെടുന്നതാണ് ലോകചരിത്രം.
കേന്ദ്രത്തിൽ തേങ്ങ ഉടയ്ക്കുമ്പോൾ ഇവിടെ ചിരട്ടയെങ്കിലും ഉടയ്ക്കണമല്ലോ. ഇവിടത്തെ ജനകീയ ജനാധിപത്യ ഇടതു സർക്കാരും കൊണ്ടുവന്നു ഒരു നിയമം. അവിടെ കർഷകരുടെ കഴുത്തിന് പിടിച്ചപ്പോൾ ഇവിടെ മാദ്ധ്യമങ്ങളുടെ മൂക്കും വായും മൂടിക്കെട്ടുന്ന നിയമമാണ് ഓർഡിനൻസായി കൊണ്ടുവന്നത്. പൊലീസിന് അമിതാധികാരം നൽകുന്ന ആ മാദ്ധ്യമ മാരണ കരിനിയമം വെളിച്ചം കാണും മുമ്പ് സർക്കാരിന് വലിച്ചുകീറി വിഴുങ്ങേണ്ടി വന്നു. വിവിധ വിഭാഗങ്ങളിൽ നിന്നുയർന്ന ആശങ്കകളെത്തുടർന്നാണ് പൊലീസ് വകുപ്പിൽ 118 എ കൂട്ടിച്ചേർത്തു കൊണ്ടുള്ള ഓർഡിനൻസ് പിൻവലിക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാൻ എന്ന ലേബലിൽ കൊണ്ടുവന്ന ആ നിയമം ജനങ്ങളുടെ എതിർപ്പുണ്ടായപ്പോൾ പിൻവലിച്ചല്ലോ എന്ന് അതിന്റെ പിന്നണിപ്പോരാളികൾ ആത്മപുളകത്തോടെ പറഞ്ഞു. ജനം ഒരളവിൽ അത് വിശ്വസിച്ചിട്ടുമുണ്ടാവണം. പക്ഷേ, ഇത്ര അവധാനതയില്ലാത്ത ഒരു സർക്കാരാണോ കേരളം ഭരിക്കുന്നതെന്ന് അല്പം ആലോചിക്കുന്ന ആർക്കും തോന്നിപ്പോകും. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഒരു നിയമം കൊണ്ടുവരുന്നതിന് എന്തെല്ലാം കൂടിയേലോചനകളും ചർച്ചകളും ഉന്നതതലത്തിൽ നടക്കണം? അതുണ്ടായോ? ഉത്തരം രണ്ടായാലും സ്വേച്ഛാധിപത്യത്തിന്റെ ചുരികയാണ് ഇവിടെയും ഇടുപ്പിൽ തിരുകിയിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് പൊക്കിൾക്കൊടി മുറിക്കുംമുമ്പ് കുഴിച്ചുമൂടപ്പെട്ട പൊലീസ് ഭേദഗതി ആക്ടും നൽകുന്നത്.
അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് വാനോളം പറയുമ്പോഴും അധികാരം ഉടൽ മറഞ്ഞിരിക്കുന്ന ഏകമുഖമായി മാറുന്നത് അത്ര നല്ല ലക്ഷണമല്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്തായാലും അത്തരം നീക്കങ്ങൾ മുളയിലെ എതിർക്കപ്പെടുകയും തകർക്കപ്പെടുകയും വേണം. ഇനി ഒരടിയന്തരാവസ്ഥയ്ക്ക് ഭാരതത്തിന്റെ മണ്ണിൽ ഇടമില്ലെന്ന് പറയാൻ നമുക്കാവണം. അതിനാൽ ഇന്ത്യൻ ജനതയെ അന്നമൂട്ടുന്നവരുടെ വായിൽ മണ്ണുവാരിയിടുന്ന കേന്ദ്ര കർഷക നിയമങ്ങൾ എത്രയും വേഗം പിൻവലിച്ച് വ്രതശുദ്ധിവരുത്താൻ ഇടയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജയ് ജവാൻ ജെയ് കിസാൻ എന്ന പഴയ മുദ്രാവാക്യം ഭാരതീയരുടെയാകെ നാവിൽ വീണ്ടും തുളുമ്പിനില്ക്കട്ടെ.
'ഏതു ധൂസരസങ്കല്പത്തിൽ വളർന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും,
മനസിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും'