us-india

അമേരിക്കയും ഇന്ത്യയും തമ്മിൽ ഉള്ളതുപോലെ വിശാലവും സങ്കീർണവും സമ്പന്നവുമായ ഉഭയകക്ഷി ബന്ധം ലോകത്ത് മറ്റൊരിടത്തും ഉണ്ടാകാനിടയില്ല. പ്രതിരോധം, ഭീകരവിരുദ്ധത, സൈബർ സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊർജ്ജം, പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വിദ്യ, കൃഷി, ബഹിരാകാശ മേഖല എന്നീ മേഖലകളിലെല്ലാം ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നു. കഴിഞ്ഞ നാലുവർഷങ്ങൾ നേട്ടങ്ങളും ലക്ഷ്യങ്ങളും രൂപപ്പെട്ട സമയമായി എടുത്തു പറയാവുന്നതാണ്.

ഇന്ത്യയുടെ അഭ്യുന്നതിയെ പിന്തുണയ്ക്കുന്നതിനുള്ള യു.എസ്. പ്രതിബദ്ധതയും, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന പൊതു കാഴ്ചപ്പാടുമാണ് നയതന്ത്ര ഏകോപനത്തിന്റെ അടിസ്ഥാനം.

ആസിയാൻ കേന്ദ്രീകരണത്തെ പിന്തുണയ്‌ക്കുമ്പോൾ തന്നെ ഈ മേഖലയുടെ രൂപകല്പനയിൽ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി നാം ഏകോപനം നടത്തിവരുന്നു. നമ്മുടെ ത്രിരാഷ്ട്ര ഉച്ചകോടികളും (2018ലും 2019ലും ജപ്പാനുമായി), ചതുരാഷ്ട്ര മന്ത്രിതല ഉച്ചകോടികളും (2019ലും 2020ലും ജപ്പാൻ, ഓസ്‌ട്രേലിയ രാജ്യങ്ങളുമായി) സമുദ്ര സുരക്ഷ, മഹാമാരി കൈകാര്യം ചെയ്യൽ, പ്രാദേശിക കണക്റ്റിവിറ്റി, മാനുഷിക സഹായം, ദുരന്ത നിവാരണം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് വഴി തെളിച്ചു.

ജനാധിപത്യ രാജ്യങ്ങളെന്ന നിലയിൽ അമേരിക്കയും ഇന്ത്യയും സമാധാനത്തിനും നയതന്ത്രത്തിനും പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ രാജ്യങ്ങളെ സുരക്ഷിതമാക്കുന്നതിനും സ്വന്തം അതിർത്തികൾക്കപ്പുറത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രതിരോധ, സുരക്ഷാ സഹകരണം കൂടുതൽ ദൃഢമാക്കി.

2018 സെപ്‌തംബറിലെ യു.എസ്.ഇന്ത്യ പ്രതിരോധ, വിദേശ മന്ത്രിതല 2+2 ചർച്ചയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ, സുരക്ഷാ പങ്കാളിത്തം പുതിയ ഒരു തലത്തിലെത്തി. ഇത്തരത്തിൽ നടത്തിയ മൂന്ന് മന്ത്രിതല ചർച്ചകളിലും നമ്മുടെ സൈന്യങ്ങളുടെയും, പ്രതിരോധ വ്യവസായങ്ങളുടെയും പരസ്പരപ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനുതകുന്ന പ്രതിരോധ കരാറുകൾ ഒപ്പിടുകയും ചെയ്തു. ആദ്യമായി നടത്തിയ 2019ലെ ത്രിരാഷ്ട്ര സൈനികാഭ്യാസവും മലബാർ നാവിക പരിശീലനത്തിൽ ജപ്പാനൊപ്പംഓസ്‌ട്രേലിയയുടെ പങ്കാളിത്തവും ഉൾപ്പെടെ സൈനികാഭ്യാസ പരമ്പരയും നാം ശക്തമായി വിപുലീകരിച്ചു.

ഈ നേട്ടങ്ങളെ കുറിച്ചൊക്കെ ചർച്ച ചെയ്യുമ്പോൾ അമേരിക്കയെ പോലെ ഇന്ത്യയുമായി ഇത്ര ശക്തമായ പ്രതിരോധ ബന്ധം സൂക്ഷിക്കുന്ന മറ്റൊരു രാജ്യമില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു; ഇന്ത്യക്കാരുടെ സുരക്ഷക്കായി ഇത്രമാത്രം സഹകരിക്കുന്ന മറ്റൊരു രാജ്യം ഉണ്ടാകില്ല. ഇന്ത്യൻ അതിർത്തിയിൽ ചൈനയുടെ ഭീഷണി നിലനിൽക്കെ നമ്മുടെ പ്രവർത്തന ഏകോപനം ഏറെ പ്രാധാന്യം നേടുന്നു.

വ്യാപാര, നിക്ഷേപബന്ധങ്ങൾ വളർന്നുവെങ്കിലും അവ പൂർണ ഫലപ്രാപ്തിയിലെത്താൻ ഇനിയും ഒട്ടേറെ മുന്നോട്ട് പോകാനുണ്ട്. 2019ൽ ചരക്കുകളുടെയും സേവനങ്ങളുടെയും ഉഭയകക്ഷി വ്യാപാരം 146.1 ബില്യൺ ഡോളറായി ഉയർന്നു, 2001ൽ ഇത് 20.7 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 16 ശതമാനം ഇപ്പോൾ അമേരിക്കയിലേക്കാണ്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക, തിരിച്ച് അമേരിക്കയുടെ പന്ത്രണ്ടാമത്തെ വലിയ പങ്കാളിയാണ് ഇന്ത്യ.

നമ്മുടെ പങ്കാളിത്തത്തിന്റെ മറ്റൊരു നെടുംതൂണായ ഊർജ്ജമേഖലയിൽ കഴിഞ്ഞ നാല് വർഷമായി കാര്യമായ നേട്ടങ്ങളാണ് കൈവരിച്ചത്. 2018ൽ ആരംഭിച്ച ഊർജ്ജമേഖലയിലെ പങ്കാളിത്തം ഇരു സർക്കാരുകളുടെയും പിന്തുണയോടെ വളർന്നു. ഇന്ന് അമേരിക്ക ഇന്ത്യയുടെ ഒരു പ്രധാന ഊർജ്ജസ്രോതസ്സാണ്. 2019 ആയപ്പോഴേക്കും യു.എസ്. കൽക്കരിയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവും യു.എസ്. ക്രൂഡിന്റെ നാലാമത്തെ വലിയ ലക്ഷ്യസ്ഥാനവും യു.എസ്. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഏഴാമത്തെ വലിയ ലക്ഷ്യസ്ഥാനവുമായി ഇന്ത്യ മാറി. ഇതെല്ലാം ഇന്ത്യയുടെ ഊർജ്ജസ്രോതസ്സുകളെ വൈവിധ്യവത്കരിക്കാൻ സഹായിച്ചു. ഇന്ന്, നൂറിലധികം യു.എസ്.കമ്പനികൾ ഇന്ത്യയിലെ ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

ആരോഗ്യത്തിനും, വൈദ്യശാസ്ത്ര രംഗത്തെ നവീനവിദ്യകൾക്കും ഇരു രാജ്യങ്ങളും എന്നും മുൻഗണന നൽകിയിട്ടുണ്ട്. നമ്മുടെ വിജയകരമായ സഹകരണത്തിന്റെ പാരമ്പര്യം കോവിഡ്19 മഹാമാരിയെസംയുക്തമായി നേരിടാൻ നമ്മെ പ്രാപ്തരാക്കി.

കൂടാതെ, അമേരിക്കയിലെയും ഇന്ത്യയിലെയും ശാസ്ത്രജ്ഞർ കോവിഡ്19നുള്ള വാക്സിനുകളും ചികിത്സകളും വികസിപ്പിക്കുന്നതിന് സഹകരിച്ചു പ്രവർത്തിക്കുന്നു. നമ്മുടെ ആരോഗ്യ മേഖലകളിൽ കൂടുതൽ സുരക്ഷിതമായ ചികിത്സാവിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് വളരെയധികം സാധ്യതകളുണ്ട്. യു.എസ്.ഇന്ത്യ ബന്ധം കൂടുതൽ ദൃഢമാകുന്നത് നമുക്കും, സ്വതന്ത്രവും തുറന്നതുമായ ഇന്തോപസിഫിക് മേഖലക്കും അവശ്യമാണെന്ന് ഇരു രാജ്യങ്ങളിലെയും നേതാക്കൾ അംഗീകരിച്ചതാണ്.

കഴിഞ്ഞ നാലുവർഷമായി നമ്മൾ കൈവരിച്ച നേട്ടങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. തുടർന്നും യു.എസ്.ഭരണകൂടം ഇന്ത്യൻ പങ്കാളികളുമായി ഈ നല്ല ബന്ധം തുടരുമെന്ന് എനിക്കുറപ്പുണ്ട്.