ബദൗൻ: അമ്പതുകാരിയായ അങ്കനവാടി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബദൗൻ ജില്ലയിലാണ് ഡൽഹിയിലെ 'നിർഭയ' സംഭവത്തോട് സാമ്യമുള്ള ക്രൂര കൃത്യം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ചയാണ് സംഭവം.
ക്ഷേത്രത്തിൽ പോയ അമ്പതുകാരിയെ പൂജാരിയും രണ്ട് അനുയായികളും ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകൾ ഒടിയുകയും ചെയ്തു. അമിത രക്തസ്രാവമാണ് മരണ കാരണം.
പൂജാരിയും, ഡ്രൈവറും, മറ്റൊരാളും ചേർന്ന് മൃതദേഹം രാത്രി വീട്ടിലേക്ക് വലിച്ചറിയുകയായിരുന്നെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ പറഞ്ഞു. പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ നാല് ടീമുകൾ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ഐപിസി 376 (ബലാത്സംഗം) ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.