ന്യൂഡൽഹി: ജനുവരി മൂന്നിന് വിദഗ്ദ്ധ സമിതി കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അനുമതി നൽകിയത് മനുഷ്യരിൽ നടത്തിയ പരീക്ഷണഫലം വരും മുൻപ് തിടുക്കപ്പെട്ടാണെന്ന് ആരോപണം. ഒരു ദേശീയ മാദ്ധ്യമമാണ് ഇതിന്റെ വിവരം പുറത്തെത്തിച്ചത്. ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടന്ന വിദഗ്‌ദ്ധ സമിതി യോഗത്തിന്റെ മിനുട്സിൽ ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ മനുഷ്യരിൽ ഫലപ്രദമാണെന്ന് രേഖപ്പെടുത്തിയിട്ടില്ല.
ജനുവരി രണ്ടിന് കൊവാക്‌സിൻ അടിയന്തര ഉപയോഗത്തിനാണ് വിദഗ്‌ദ്ധസമിതിയോഗം അനുവദിച്ചത്. തൊട്ടടുത്ത ദിവസം രാവിലെ തന്നെ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്‌സിന് അനുമതി നൽകിയതായി അറിയിച്ചു. ജനുവരി ഒന്നിന് ചേർന്ന യോഗത്തിൽ കൊവാക്‌സിന് കൊവിഡ് രോഗാണുവിനെ കണ്ടെത്തി പ്രതിരോധിക്കാനുളള പ്രാപ്‌തിയുണ്ടെന്ന് വിദഗ്‌ദ്ധ സമിതി യോഗത്തിൽ നിരീക്ഷിച്ചെങ്കിലും ഭാരത് ബയോടെക് അംഗീകാരത്തിന് നൽകിയ വിവരങ്ങൾ അക്കാര്യം ബോദ്ധ്യപ്പെടുത്തുന്നില്ല എന്നാണ് യോഗം നിരീക്ഷിച്ചത്. എന്നാൽ രണ്ടാം തീയതി ചേർന്ന യോഗത്തിൽ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതിയേകുകയായിരുന്നു.
മനുഷ്യരിലെ പരീക്ഷണ വിവരമില്ലെങ്കിലും കുരങ്ങുകളിൽ നടത്തിയ പരീക്ഷണത്തിൽ വാക്‌സിൻ നന്നായി ഫലം കാണുന്നുണ്ടെന്ന് യോഗത്തിന്റെ മിനുട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അനുമതി നൽകാൻ തിടുക്കമൊന്നും കാട്ടിയില്ലെന്നും അനുമതിക്ക് വേണ്ട രേഖകളെല്ലാം ഭാരത് ബയോടെക് നൽകിയെന്നുമാണ് സർക്കാർ പറയുന്നത്. വാക്‌സിന്റെ ഫലപ്രാപ്‌തി കാണിക്കുന്ന ഇടക്കാല റിപ്പോർട്ടല്ല മറിച്ച് ഇതുവരെയുളള വാക്‌സിന്റെ ഫലപ്രാപ്‌തി സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് വിദഗ്‌ദ്ധ സമിതിയ്‌ക്ക് നൽകിയതെന്നും ഭാരത് ബയോടെക് ചെയർമാൻ കൃഷ്‌ണ എല്ല പറഞ്ഞു.