
കോഴിക്കോട്: പീഡനക്കേസിൽ അറസ്റ്റിലായ പ്രതി കോഴിക്കോട് സബ് ജയിലിൽ തൂങ്ങി മരിച്ചു. കുറ്റിയിൽ താഴം സ്വദേശി ബീരാൻ കോയ ആണ് മരിച്ചത്. പ്രതിയെ ഇന്നലെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോർത്ത് ഉപയോഗിച്ച് സെല്ലിന്റെ ജനലിലെ കമ്പിയിൽ തൂങ്ങുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. അസ്വാഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ജയിൽ വകുപ്പും അന്വേഷണം നടത്തും.
പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പിടിയിലായ ബീരാൻകോയയെ ഇന്നലെയാണ് കോടതി റിമാൻഡ് ചെയ്‌തത്. കൊവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് മറ്റ് തടവുകാർക്കൊപ്പമായിരുന്നു താമസിപ്പിച്ചത്. ബീരാൻകോയയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.