ജനതയുടെ ക്ഷേമം, മാതൃഭൂമിയുടെ അതിർത്തി സംരക്ഷണം, ബൗദ്ധിക, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിലെ വികസനം ഇതൊക്കെയാണ് ഓരോ രാജ്യത്തിന്റേയും ഭരണകൂടത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ; ജനാധിപത്യമോ, രാജഭരണമോ മിലിട്ടറി ഭരണമോ ഏതായാലും. എങ്കിലും ഈ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിച്ച് സാമ്രാജ്യത്വ ലക്ഷ്യത്തിലേക്ക് നീങ്ങുക എന്നത് ചരിത്രത്തിന്റെ പലഘട്ടങ്ങളിലും ചില രാജ്യങ്ങൾ സ്വീകരിച്ചു വരുന്ന രീതിയാണ്. ജർമ്മനി സാങ്കേതിക മികവിൽ ലോകോത്തര മാതൃകകൾ എന്നും സൃഷ്ടിക്കുന്നു.
എന്റെ വീട്ടിൽ ആദ്യമായി വാങ്ങിയ ബോഷ് വാഷിംഗ് മെഷീൻ ഇരുപത്തിയഞ്ചു വർഷം ഞങ്ങളുപയോഗിച്ചു. പല എൻജിനുകളുടെയും കാര്യത്തിൽ ഇതു പലരുടെയും അനുഭവമാണ്. ജർമ്മനി സന്ദർശിക്കുമ്പോൾ അവിടത്തെ ചില റോഡുകൾ ചൂണ്ടിക്കാട്ടി എന്റെ സുഹൃത്തു പറഞ്ഞു: ഈ റോഡൊക്കെ രണ്ടാം ലോകമഹായുദ്ധകാലത്ത് ഹെലികോപ്ടറുകൾ ഇറങ്ങാനായി ഹെലിപ്പാഡുകളായിക്കൂടി ഉപയോഗിച്ചിരുന്നവയാണ്. ഞാൻ അദ്ഭുതപ്പെട്ടു പോയി. ഓരോ വർഷവും പാച്ച് വർക്കുകൾ വേണ്ടി വരുന്ന നമ്മുടെ റോഡുകളെക്കുറിച്ച് ഓർക്കുകയും ചെയ്തു. കൊളോൺ നഗരത്തിൽ റൈൻ നദീതീരത്ത് നിർമ്മിച്ചിരിക്കുന്ന ഗോഥിക് സ്റ്റൈലിലുള്ള ആർക്കിടെക്ചർ അദ്ഭുതങ്ങൾ ആരേയും മോഹിപ്പിക്കും. റൈൻ നദിയും കുറുകെയുള്ള പാലവും പിക്കാസോയുടെ മാസ്റ്റർ പീസുകളുമൊക്കെ നമ്മെ ആനന്ദിപ്പിക്കും. കത്തീഡ്രൽ പള്ളിയുടെ വലിപ്പവും ഭംഗിയും കണ്ടുതീർക്കാൻ തന്നെ ഒരു ദിവസമെടുക്കും. ഇത്തരം അദ്ഭുതങ്ങളൊക്കെ കാണാൻ എനിക്കേറെ ഉത്സാഹമായിരുന്നു. പക്ഷേ രണ്ടാം ലോക മഹായുദ്ധകാലത്തു തരിപ്പണമായതാണ് നഗരത്തിന്റെ ഹൃദയം. കോൺസൺട്രേഷൻ ക്യാമ്പുകളായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങൾ ഇന്നു മ്യൂസിയങ്ങളാക്കിയിട്ടുണ്ട്. അവിടത്തെ നെഗറ്റീവ് എനർജി ഭീകരമാണെന്ന് കേട്ടിട്ടുണ്ട്. അവ സന്ദർശിക്കാൻ എനിക്കു മനസു വന്നില്ല. എത്രയോ പുസ്തകങ്ങളിലൂടെ പരിചിതമായ അവ നേരിൽക്കാണാൻ എന്തോ എനിക്കു തോന്നിയില്ല. സ്വന്തം കഴിവുകളിൽ പരിധിയിലധികം ഊറ്റം കൊള്ളുന്നവരും വംശം, മതം തുടങ്ങിയ പ്രത്യേകതകളിൽ ആവശ്യത്തിലധികം സ്വത്വം ദർശിക്കുകയും മറ്റുള്ളവർ വെറുക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെടേണ്ടവരുമാണെന്നു വിശ്വസിക്കുകയും ചെയ്യുന്നവർക്ക് സാമ്രാജ്യത്വ ചിന്തയുണ്ടാകുന്നു. അതാണല്ലോ ജർമ്മനിക്കും ഹിറ്റ്ലർക്കും സംഭവിച്ചത്.
ഒരു ചെറു ദ്വീപസമൂഹം മാത്രമായ ജപ്പാനും ലോക മഹാശക്തിയായിത്തീരാൻ യുദ്ധത്തിലേർപ്പെട്ടു എന്നത് അതിശയിപ്പിക്കുന്നു. ചെറുരാജ്യമായ ബ്രിട്ടൻ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി മാറിയത്, കച്ചവടത്തിലൂടെ രാജ്യങ്ങളെ സാമ്പത്തികമായും സാംസ്കാരികമായും തകർത്തു കൊണ്ടായിരുന്നു. ഒരു നൂറ്റാണ്ടു മുൻപ് സ്പാനിഷ് ഫ്ളൂവിനു ശേഷം അമേരിക്കയിലുണ്ടായത് സാമ്പത്തിക മാന്ദ്യമാണ്.
എന്നാൽ 1930 കളായപ്പോഴേക്കും ക്യാപ്പിറ്റലിസം അമേരിക്കയിൽ അതിന്റെ മൂർദ്ധന്യത്തിലെത്തി. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ അവർ കൈകടത്തി. പിന്നീട് ശീതയുദ്ധത്തിന്റെ കാലം വന്നു. അമേരിക്ക അറുപതുകളിൽ ചെയ്തത് ഇന്ന് ചൈന ലോകമെമ്പാടും ചെയ്യുന്നതായി പറയപ്പെടുന്നു.
ഒരു അഭിമുഖത്തിൽ പുതിയ നഗരങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന പത്രപ്രവർത്തകൻ ഗ്രെഗ് ലിൻഡ്സേ (Greg Lindsay) കൊവിഡ് അനന്തര കാലത്തെക്കുറിച്ച് പറയുന്നത് നാം ഒന്നുകിൽ തീയിൽ അല്ലെങ്കിൽ ഹിമത്തിൽ അവസാനിക്കുമെന്നാണ്. തീയെന്നാൽ കാലാവസ്ഥാവ്യതിയാനം; ഹിമമെന്നാൽ സാമ്പത്തിക മാന്ദ്യം. 40 ശതമാനം കച്ചവടവും ആമസോൺ ഗോഡൗണുകളിൽ നിന്ന്; ഭക്ഷണശാലകളിൽ 40 ശതമാനം ഇരുണ്ട അടുക്കളകൾക്കു
(പാഴ്സൽ) വഴിമാറും. എന്നാൽ ഹോങ്കോംഗും സിയോളും ടോക്യോയും അവരുടെ അച്ചടക്കമുള്ള വ്യത്യസ്ത സമീപനത്തിലൂടെ മഹാമാരിയെ അതിജീവിക്കുന്ന മാതൃകകൾ കാണിച്ചു തരുന്നു. ഭൗതിക സാമ്രാജ്യത്വത്തിൽ നിന്ന് ഡിജിറ്റൽ സാമ്രാജ്യത്വത്തിലേക്കുള്ള മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഡേറ്റ പുതിയ പെട്രോളായി മാറുമ്പോൾ ഈ രംഗത്ത് മുന്നോട്ട് കുതിക്കുന്നവർ അടിസ്ഥാനപരമായ മൂല്യങ്ങളെ മറന്ന് കച്ചവടത്തിലേർപ്പെട്ടാൽ പഴയ സാമ്രാജ്യത്വത്തെക്കാൾ ഭീകരമായ ഫലങ്ങളുണ്ടായേക്കാം. ജാഗരൂകരായിരിക്കുകയും സഹകരണവും സേവനപ്രവർത്തനങ്ങളും ചെറുപ്പം മുതലേ ശീലമാക്കുകയും വേണം. സൈബറിടങ്ങൾ അവധാനതയോടെ ഉപയോഗിക്കാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. കൊവിഡ് പോലെ മറ്റനേകം മഹാമാരികൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് WHO തന്നെ നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ മണ്ണിനോടിണങ്ങിയുള്ള ലളിതമായ ജീവിതവും അമിത ഉപഭോഗം ഒഴിവാക്കലും ചെറുപ്പത്തിലേ ശീലിക്കണം. പ്രതിസന്ധികൾ തുടർച്ചയാകുമ്പോൾ കൂട്ടായ്മകൾ നിത്യജീവിതത്തിന്റെ ഭാഗമാകണം. തുരുത്തുകളായി ജീവിക്കാൻ സാദ്ധ്യമല്ല എന്ന തിരിച്ചറിവ് വേഗമുണ്ടാകണം. കുട്ടികൾക്ക് വോളന്ററി സേവനം ചെയ്യാനുള്ള അവസരം സ്കൂളുകളിൽ ലഭ്യമാകണം. അത്തരം സേവനങ്ങൾ അവരുടെ സ്മാർട്ട് കാർഡിൽ
രേഖപ്പെടുത്തുന്നത് ഉചിതമായിരിക്കും. ഭാവിയിൽ ജോലിക്കായുള്ള
ഇന്റർവ്യൂവിലും മറ്റും ഇവ പരിഗണിക്കപ്പെടുന്നത് നന്നായിരിക്കും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്, പരിസ്ഥിതി അവബോധം ഇവയ്ക്കൊക്കെയാണ് 'മാർക്ക് ' വേണ്ടത്. മറ്റു കുട്ടികൾക്കു സ്വന്തം നോട്ടു പോലും കാണിച്ചു കൊടുക്കരുതെന്നു വീട്ടിൽ നിന്നു പഠിപ്പിച്ചു വിടുന്നതിന് തനിയേ മാറ്റം വരും. കാർബൺ റിലീസ് കുറയ്ക്കുന്നതിനായി, സ്വന്തം വീട്ടിലെ മാലിന്യം സ്വയം സംസ്കരിക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന മാർഗങ്ങൾ, ഇവയ്ക്കൊക്കെ കുട്ടികൾക്കു ഗ്രേഡുണ്ടെങ്കിൽ മാതാപിതാക്കളും ഇവയൊക്കെ താനേ ശീലമാക്കും.