കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു സിവിൽ കേസിൽ സാക്ഷി പറയാനായി എനിക്ക് കോടതിയിൽ ഹാജരാകേണ്ടി വന്നു. പന്ത്രണ്ട് മണിയോടെ സാക്ഷിക്കൂട്ടിൽ കയറിയ എനിക്ക് രണ്ടര കഴിഞ്ഞു മൊഴി പൂർത്തിയാക്കാൻ. മറ്റൊരു ദിവസം വീണ്ടും വിളിപ്പിക്കാതിരിക്കാനായി ബഹുമാന്യനായ ന്യായാധിപൻ ഉച്ചയൂണിനു പോലും എണീക്കാതെ രണ്ടരമണി വരെയിരുന്ന്
വിസ്താരം പൂർത്തിയാക്കി. കോടതിയുടെ മാന്യമായ പെരുമാറ്റം എന്നെ വിനീതനാക്കുന്നു. പറയാൻ വന്നത് നീതിനിർവഹണത്തെ സംബന്ധിക്കുന്നതും മാറേണ്ടതുമായ ഒരംഗീകൃത നടപടിക്രമത്തെക്കുറിച്ചാണ്. വാദിയും പ്രതിയും സാക്ഷികളും കോടതി മുമ്പാകെ പറയുന്ന എല്ലാ മൊഴികളും ന്യായാധിപൻ സ്വന്തം കൈപ്പടയിൽ എഴുതിയെടുക്കുകയും പിന്നീട് മൊഴി നൽകിയവർ അത് വായിച്ചു നോക്കി 'ശരി' എന്നെഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്യുന്നതാണ് അംഗീകൃത രീതി.
അനേകം പ്രതികളും സാക്ഷികളുമുള്ള ഗുരുതരമായ ക്രിമിനൽ കേസുകളിൽ സാക്ഷിമൊഴിയും വാദങ്ങളും അനേകം ദിവസങ്ങൾ (ചിലപ്പോൾ വർഷങ്ങൾ) നീളുന്നു. നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള വ്യവസ്ഥയനുസരിച്ചാണ് ന്യായാധിപൻ തന്നെ മൊഴി എഴുതിയെടുക്കുന്ന ഈ നടപടിക്രമം. ഇതിനു ഗുണങ്ങൾ പലതാണ്. സ്വന്തം കൈകൊണ്ടു പകർത്തിയ മൊഴികൾ ന്യായാധിപന്റെ മനസിൽ പതിയുന്നു. അതിൽ വസ്തുതാപരമായ പിശകുകൾ വരുന്നില്ലെന്ന് ഉറപ്പു വരുത്താൻ കഴിയുന്നു. അക്കാരണത്താൽ മൊഴികളുടെ ആധികാരികത പിന്നീടൊരിക്കലും ചോദ്യം ചെയ്യപ്പെടുന്നില്ല.
ഒരു മണിക്കൂറിൽ പരമാവധി മുപ്പതു പുറങ്ങളിൽ കൂടുതൽ എഴുതാൻ സാധാരണഗതിയിൽ കഴിയാറില്ല. മൂന്നോ നാലോ മണിക്കൂർ നീളുന്ന വിസ്താരത്തിൽ ഒരു ന്യായാധിപന് എഴുതേണ്ടി വരിക നൂറിലേറെ പുറങ്ങളായിരിക്കും. പലപ്പോഴും അതിലും കൂടുതൽ പേജുകളുണ്ടാവും. ഇങ്ങനെ നിത്യവും എഴുതേണ്ടി വരികയെന്നതിന്റെ ആവർത്തനവിരസതയും അദ്ധ്വാനവും നിഷേധിക്കാൻ കഴിയുമോ? (നിയമപ്രകാരം അത് നിർബന്ധമാണെങ്കിലും.) കൊളോണിയൽ ഭരണം കോടതികൾ ആരംഭിക്കുന്ന കാലത്ത് ആവശ്യമായിരുന്ന ഒരു നടപടിക്രമം ആധുനിക സാങ്കേതിക വിദ്യകൾ വികസിതമായ ഈ കാലത്ത് ഭേദഗതി ചെയ്യപ്പെടേണ്ടതല്ലേ? പഴയകാലത്ത് പ്രസക്തവും ആവശ്യവും അനിവാര്യവുമായിരുന്ന എത്രയോ ശീലങ്ങൾ നമ്മളിപ്പോൾ മറന്നുകഴിഞ്ഞു ! കോടതികൾ തന്നെ വീഡിയോ
കോൺഫെറൻസ് വഴി വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷയും
മറ്റും പരിഗണിക്കുന്നില്ലേ? കോവിഡ്കാലത്ത് സുപ്രീം കോടതിയിൽ പോലും ഓൺലൈൻ വാദം സാധ്യമായില്ലേ? എന്നിട്ടും വിചാരണക്കോടതികളിലെ ഈ എഴുത്തുപരിപാടിക്ക് മാറ്റമൊന്നുമില്ല.
അതുപോലെ തന്നെ രാവിലത്തെ റോൾകോൾ (roll call) വിളിയും പഴയതുപോലെ നടക്കുന്നു. രാവിലത്തെ വിലപ്പെട്ട മണിക്കൂറുകളിൽ നല്ലൊരു ഭാഗം ഈ റോൾകോൾ ചടങ്ങു അപഹരിക്കുന്നുണ്ട്. ആ സമയം കൂടി വിചാരണയ്ക്ക് വേണ്ടി അധികമായി ലഭ്യമാക്കേണ്ടതല്ലേ? ഓൺലൈനിൽ ലളിതമായി ചെയ്യേണ്ട കാര്യത്തിനല്ലേ രാവിലെ ഒരുമണിക്കൂർ ഇപ്പോൾ നഷ്ടമാക്കുന്നത് ? സ്പീച്ച് -ടു - ടെക്സ്റ്റ് (speech- to-text) സോഫ്ട് വെയറുകൾ ഇപ്പോൾ ധാരാളമായി ലഭ്യമാണ്. കോടതിയോട് സാക്ഷികളും പ്രതികളുമെല്ലാം പറയുന്ന കാര്യങ്ങൾ മുഴുവനും കൃത്യമായി റെക്കോർഡ് ചെയ്യപ്പെടുക മാത്രമല്ല, അത് അപ്പോൾത്തന്നെ വാക്കും വാക്യവുമായി കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയുകയും ചെയ്യുന്ന സാങ്കേതിക വിദ്യ വിചാരണയെ എത്രമാത്രം സുഗമമാക്കും എന്ന് പറയേണ്ടതില്ല.
ന്യായാധിപന് സാക്ഷിമൊഴി സശ്രദ്ധം കേൾക്കാൻ ഇത് അവസരം നൽകും. ഇപ്പോൾ താൻ എഴുതിയെടുക്കുന്ന മൊഴിയിലെ വള്ളിയും
ദീർഘവും വിട്ടുപോകുന്നില്ലല്ലോ എന്ന് ജാഗ്രത പുലർത്തുന്ന ന്യായാധിപന്റെ വിലപ്പെട്ട സമയവും ശ്രദ്ധയും കാതലായ കാര്യങ്ങൾക്കു ലഭിക്കും. എഴുതിയെടുക്കാൻ വേണ്ടി വരുന്ന സമയത്തിന്റെ പകുതി സമയം കൊണ്ട് മൊഴി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി വിസ്താരം ത്വരിതപ്പെടുത്താം. മൊഴി പൂർത്തിയായാൽ, തെറ്റ് തിരുത്തി പ്രിന്റെടുത്ത് വായിച്ചുനോക്കി സാക്ഷ്യപ്പെടുത്താതാവുന്നതേയുള്ളൂ. ന്യായാധിപനും കൂടി അതിൽ ഒപ്പുവയ്ക്കുന്നതോടെ ആധികാരികതയുടെ പ്രശ്നം അവസാനിക്കുകയും ചെയ്യും.
രണ്ട് വർഷം കൊണ്ട് പൂർത്തിയാകുന്ന കേസ് ഒരു വർഷം കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കുന്ന ഇത്തരമൊരു പരിഷ്‌കാരത്തെ അവഗണിക്കുന്നത് അനീതിയായിരിക്കും. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ തീർപ്പു കൽപ്പിക്കാൻ അനേകം വർഷങ്ങളെടുക്കുന്നത്തിന്റെ മുഖ്യ കാരണം നടപടിക്രമങ്ങളുടെ സഹജമായ പരിമിതിയാണ്. സാക്ഷിമൊഴി എഴുതിയെടുക്കുന്ന രീതി
വിചാരണസമയം നീട്ടുന്നതിൽ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. സാങ്കേതിക വിദ്യ വച്ച് നീട്ടുന്ന പരിഹാരങ്ങൾ എത്രയും പെട്ടെന്ന് സ്വീകരിക്കുകയും അവയെ നിയമപരമായി അംഗീകരിക്കുകയും ചെയ്യണം. കേസുകളിലെ കക്ഷികളെപ്പോലെ തന്നെ ന്യായാധിപന്മാരും ഈ നീതി അർഹിക്കുന്നുണ്ട്. ഈ പരിഷ്‌കാരത്തിനു തടസമായി നിൽക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാൻ അമാന്തിച്ചുകൂടാ. സർക്കാരും ഹൈക്കോടതിയും സംയുക്തമായി ആലോചിക്കേണ്ട അടിയന്തര പ്രാധാന്യമുള്ളതും അനിവാര്യവുമായ ഒരു പരിഷ്‌കാരമാണിത്. വൈകിപ്പോയ നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന ചൊല്ലിനു മാനുഷികവശമുണ്ടെന്നു ആർക്കാണ് അറിയാത്തത്? രോഗത്തിനുള്ള ഔഷധം ലഭ്യമായിട്ടും രോഗിക്ക് അത് കൊടുക്കുന്നില്ലെങ്കിൽ അതെത്രകണ്ടു അനീതിയായിരിക്കുമോ, അത്രതന്നെ അധാർമ്മികമായിരിക്കും കാലവിളംബം ഒഴിവാക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യകൾ സുലഭമായിരുന്നിട്ടും അത് പ്രയോജനപ്പെടുത്താതിരിക്കുന്നത്.