suicide-attempt

മുംബയ്: ഫേസ്ബുക്ക് ലൈവിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്. ഞായറാഴ്ചയാണ് സംഭവം. ഫേസ്ബുക്ക് ടീം, മുംബയ് പൊലീസിന്റെ സൈബർ സെൽ, ധുലെ പൊലീസ് എന്നിവരുടെ സമയോചിതമായ ഇടപെടൽകൊണ്ടാണ് കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരൻ രക്ഷപ്പെട്ടത്.

ഫേസ്ബുക്ക് ലൈവിലെത്തിയ യുവാവ് പലതവണ മൂർച്ചയേറിയ ആയുധം കൊണ്ട് തന്റെ കഴുത്ത് മുറിക്കുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ നിന്നുള്ള ഫേസ്ബുക്ക് അധികൃതർ മുംബയ് പൊലീസിന്റെ സൈബർ സെല്ലിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ധുലെയിലാണു യുവാവ് താമസിക്കുന്നതെന്ന് അധികൃതർ കണ്ടെത്തി.

ഉടൻ തന്നെ പൊലീസ് ഇയാളുടെ ഫ്‌ളാറ്റിലേക്ക് പോകുകയായിരുന്ന. സ്ഥലത്തെത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും, സുഹൃത്തുക്കൾ വഞ്ചിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നുമാണ് സൂചന.