scientist

ന്യൂഡൽഹി: മൂന്ന് വർഷം മുൻപ് തന്നെ കൊടും വിഷം പ്രയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഐഎസ്ആർഒ ശാസ്‌ത്രജ്ഞൻ. നിലവിൽ ഐഎസ്ആർഒയിൽ മുതിർന്ന ഉപദേഷ്‌ടാവായി ജോലി നോക്കുന്ന തപൻ മിശ്രയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഈ മാസം അവസാനത്തോടെ മിശ്ര സ്ഥാനത്ത് നിന്നും വിരമിക്കുകയാണ്.

'2017 മേയ് 23നായിരുന്നു ആ സംഭവം. ദോശയ്‌ക്കൊപ്പം വിളമ്പിയ ചമ്മന്തിയിലും തുടർന്ന് കഴിഞ്ഞ ലഘുഭക്ഷണത്തിലും വിഷം ചേർത്തിരുന്നു.' ഉഗ്ര വിഷമായ ആഴ്‌സനിക്ക് ട്രയോ‌ക്‌സൈഡാണ് തനിക്ക് നൽകിയിരുന്നതെന്നും തപൻ മിശ്ര പറയുന്നു. ഐഎസ്ആർഒയുടെ അഹമ്മദാബാദിലെ സ്‌പേസ് ആപ്ളിക്കേഷൻ സെന്ററിൽ ഡയറക്‌ടറായി മിശ്ര ജോലി നോക്കിയിട്ടുണ്ട്.

ഭക്ഷണശേഷം തനിക്ക് രൂക്ഷമായ ശ്വാസതടസവും ത്വക്കിൽ അസ്വസ്ഥതയും ഫംഗൽ രോഗബാധയുമുണ്ടായെന്ന് മിശ്ര പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തന്നോട് ആഴ്‌സനിക് വിഷം ഉള‌ളിൽ ചെന്നതെന്ന് അറിയിക്കുകയും വൈദ്യസഹായത്തിന് സഹായിക്കുകയും ചെയ്‌തു. ഡൽഹി എയിംസിലാണ് തന്നെ ചികിത്സിച്ചതെന്നും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ മിശ്ര അറിയിച്ചു.

തനിക്ക് എതിരെ നടന്ന ശ്രമം ഒരു ചാരപ്രവർത്തനമാണെന്ന് തോന്നുന്നെന്നും മിശ്ര സംശയിക്കുന്നു. സംഭവം കേന്ദ്ര സർക്കാർ അന്വേഷിക്കണമെന്നാണ് തപൻ മിശ്രയുടെ ആവശ്യം. എന്നാൽ ഐ.എസ്.ആർ.ഒ അധികൃതർ മിശ്രയുടെ വെളിപ്പെടുത്തലുകളിൽ പ്രതികരിച്ചിട്ടില്ല.