പല തരത്തിലുള്ള കിളിക്കൂടുകൾ നാം ദിവസവും കാണാറുണ്ട്. എന്നാൽ, മനുഷ്യവാസമുള്ള കിളിക്കൂടുകൾ അത്യപൂർവ്വമാണ്. വീടാണോ കിളിക്കൂടാണോ എന്ന് ആർക്കും സംശയം തോന്നുന്ന തരത്തിലൊരു വീടുണ്ട്, അങ്ങ് കാലിഫോർണിയയിൽ. സാധാരണ വീടുകളുടെ രീതിയിലേയല്ല ഈ വീട് നിർമ്മിച്ചിട്ടുള്ളത്. കാലിഫോർണിയ സ്വദേശിയായ ജൈസന്റെ വീടുകളെല്ലാം വമ്പൻ കിളിക്കൂടുകൾ പോലെയുള്ള വിചിത്രനിർമ്മിതികളാണ്. മനുഷ്യർക്ക് താമസിക്കാൻ അനുയോജ്യമായ കിളിക്കൂടുകൾ!
യൂക്കാലി മരങ്ങളുടെ കമ്പുകൾ കൊണ്ടാണ് അദ്ദേഹം കൂടുകൾ നിർമ്മിച്ചിട്ടുള്ളത്. മറ്റു ചില്ലകളെ അപേക്ഷിച്ച് ഇവയ്ക്ക് കൂടുതൽ ഈട് ലഭിക്കും എന്നതാണ് കാരണം. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന കമ്പുകൾ ലോറിയിൽ തന്റെ പണിശാലയിൽ എത്തിച്ചാണ് ജൈസൺ 'ഹ്യൂമൻ നെസ്റ്റ് ' നിർമ്മിക്കുന്നത്. പിന്നീട് ഇവ ആവശ്യമുള്ള സ്ഥലങ്ങളിൽ കൊണ്ടു പോയി ഇൻസ്റ്റാൾ ചെയ്യും. കൂടാതെ കമ്പുകൾ വളച്ചെടുക്കാൻ പ്രത്യേക സംവിധാനങ്ങളുമുണ്ട്. സ്‌ക്രൂ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കിളിവീടുകളുടെ ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് ഇത്തരം വീടുകൾ നിർമ്മിച്ചു നൽകാനുള്ള ആവശ്യവുമായി ജയ്സനെ സമീപിക്കുന്നത്.