ഫോട്ടോഷൂട്ട് ഇല്ലാതെ ഇന്ന് എന്താഘോഷം എന്നാണ് മലയാളികൾ ചോദിക്കുന്നത്. വെഡിംഗ് ഫോട്ടോഷൂട്ടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്നവ ഇന്ന് മെറ്റേണിറ്റിയും കടന്ന് കുഞ്ഞിന്റെ ചോറൂണ്, ബർത്ത്‌ഡേ... അങ്ങനെ നീളുന്നു ആഘോഷം. കൂടാതെ വ്യത്യസ്ത തീമുകൾ കേന്ദ്രീകരിച്ചും പഴയ ഹിറ്റ് ഗാനങ്ങളുടെയും സിനിമകളുടെയും പുനഃരവതരണമായും ഫോട്ടോഷൂട്ടുകൾ സംഘടിപ്പിക്കുന്നുണ്ട്.
കപ്പിൾ ഫോട്ടോ ഷൂട്ടുകൾക്കാണ് ഇന്ന് ഏറെ പ്രചാരം ലഭിക്കുന്നത്. പലതും വിവാദ കോളങ്ങളിൽ ഇടംപിടിക്കാറുമുണ്ട്. സോഷ്യൽ മീഡിയ ഇത്രത്തോളം സജീവമായ ഈ കാലത്ത് ബോൾഡ് ഫോട്ടോഷൂട്ട് എന്നത് ആർക്കും അത്ര പ്രാധാന്യമുള്ള ഒരു കാര്യമല്ല. എന്നാൽ അതെല്ലാം വളരെ വലിയൊരു അപരാധമായിരുന്നു എന്ന് കരുതിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. അങ്ങനെയുള്ള കാലത്ത് ഏവരെയും ഞെട്ടിച്ച ഒരു ഫോട്ടോഷൂട്ട് നടത്തിയ നടിയാണ് ബീഗം പര.
ഒരു ഗ്ലാമറസ് നടി എന്നതിനേക്കാളേറെ മികച്ചൊരു അഭിനേത്രി എന്ന നിലയിലും പ്രശസ്തിയാർജിച്ച ബീഗം 1951ൽ ലൈഫ് മാഗസിന് വേണ്ടി നടത്തിയ ബോൾഡ് ഫോട്ടോഷൂട്ട് അന്നുവരെ ഉണ്ടായിരുന്ന എല്ലാ സങ്കല്പങ്ങളെയും മാറ്റിമറിച്ചു. ജെയിംസ് ബുർക് എന്ന അന്നത്തെ ഒരു പ്രശസ്ത ഫോട്ടോഗ്രാഫറാണ് ആ ചിത്രങ്ങൾ പകർത്തിയത്.
ബോളിവുഡ് ഇതിഹാസമായിരുന്ന ദിലീപ് കുമാറിന്റെ സഹോദരൻ നസീർ ഖാനാണ് ബീഗത്തിന്റെ ഭർത്താവ്. ബീഗത്തിന്റെ അനന്തരവൾ റുക്‌സാന സുൽത്താന്റെ മകൾ അമൃത സിംഗ് സൈഫ് അലി ഖാന്റെ മുൻ ഭാര്യയാണ്. 1940 1950കളിലും സജീവമായിരുന്ന ബീഗം 50 വർഷത്തിന് ശേഷം 2007ൽ സഞ്ജയ് ലീല ബൻസാലിയുടെ സാവരിയ എന്ന ചിത്രത്തിൽ സോനം കപൂറിന്റെ മുത്തശ്ശിയായി അഭിനയിച്ചു. 2008 ഡിസംബർ 9ന് തന്റെ എൺപത്തിയൊന്നാം വയസിൽ മുംബയിൽ വച്ച് ബീഗം മരണമടഞ്ഞു.