india-cricket

ഇന്ത്യ- ആസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് സിഡ്നിയിൽ തുടക്കം

രോഹിത് ശർമ്മ ഓപ്പണറാകും,ഉമേഷിന് പകരം സെയ്നി

ആസ്ട്രേലിയൻ നിരയിൽ വാർണറും പുക്കോവ്സ്കിയുമെത്തും

സിഡ്നി : കൊവിഡ് കാലത്തെ പുകിലുകൾക്കുമപ്പുറം കളിക്കളത്തിലെ യഥാർത്ഥ പോരാട്ടത്തിലേക്ക് തിരിച്ചുവരികയാണ് ഇന്ത്യയും ആസ്ട്രേലിയയും. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണെങ്കിലും ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമാകുകയാണ്.

അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ലീഡുനേടി നിന്ന ഇന്ത്യയെ മൂന്നാം ദിവസത്തെ ഒറ്റസ്പെല്ലുകൊണ്ട് 36 റൺസിന് ആൾഔട്ടാക്കിയ കംഗാരുക്കളുടെ അപ്രതീക്ഷിതമുന്നേറ്റമായിരുന്നുവെങ്കിൽ മെൽബണിൽ കളിയുടെ ഒരു ഘട്ടത്തിൽപ്പോലും എതിരാളികൾക്ക് ആധിപത്യം നേടാൻ അവസരം നൽകാതെയാണ് ഇന്ത്യ ജയിച്ച് പകരം വീട്ടിയത്. ഇതോടെ നാലുമത്സര പരമ്പര 1-1ന് സമനിലയിലാവുകയും ചെയ്തു.കഴിഞ്ഞ പര്യടനത്തിൽ പരമ്പര നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ടീമിന് ബോർഡർ ഗാവസ്കർ ട്രോഫി നിലനിറുത്താൻ ഇനിയുള്ള മത്സരങ്ങളിൽ തോൽക്കാതിരുന്നാൽ മതി. കൊഹ്‌ലിയുടെ അഭാവത്തിലും മെൽബണിൽ വീര്യം കൈവി‌ടാതെ ക്യാപ്ടന്റെ ഉത്തരവാദിത്വം പുറത്തെടുത്ത അജിങ്ക്യ രഹാനെയാണ് ഇനിയുള്ള മത്സരങ്ങളിലും ഇന്ത്യയെ നയിക്കുന്നത്.

സമ്മർദ്ദം പലവിധം

കളിക്കളത്തിലെ മാത്രം സമ്മർദ്ദങ്ങളല്ല ഇന്ത്യയ്ക്ക് മുന്നിൽ.കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് ടീം ഹോട്ടലിന് പുറത്തെ റസ്റ്റൊറന്റിൽ ഭക്ഷണം കഴിക്കാൻ പോയതിന്റെ പേരിൽ അഞ്ച് ഇന്ത്യൻ താരങ്ങളെ ഐസൊലേഷനിലാക്കിയത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെ നാലാം ടെസ്റ്റിന് ബ്രിസ്ബേനിലേക്ക് വരികയാണെങ്കിൽ 14 ദിവസത്തെ ക്വാറന്റൈൻ വേണമെന്ന ക്വീൻസ്‌ലാൻഡ് പ്രാദേശികഭരണകൂടത്തിന്റെ നിർബന്ധം അടുത്ത പ്രതിസന്ധിയായി. എന്നാൽ ഇക്കാര്യത്തിൽ ബി.സി.സി.ഐ ശക്തമായി ഇടപെടുകയും ഇനിയുമൊരു ക്വാറന്റൈൻ പറ്റില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പിടിവാശി ക്വീൻസ്‌ലാൻഡ് പ്രാദേശിക സർക്കാർ തുടർന്നാൽ അടുത്ത മത്സരവും സിഡ്നിയിൽത്തന്നെ നടത്താൻ ക്രിക്കറ്റ് ആസ്ട്രേലിയ നിർബന്ധിതമാകും.

ഓപ്പണിംഗിന് രോഹിത്

ഐ.പി.എല്ലിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെവരുന്ന രോഹിത് ശർമ്മ ഓപ്പണറായിത്തന്നെ സിഡ്നിയിൽ കളിക്കും. മദ്ധ്യനിരയിൽ കളിക്കാനായിരുന്നു രോഹിതിന് താത്പര്യമെങ്കിലും മായാങ്ക് അഗർവാളിനെ ഓപ്പണിംഗിൽ നിന്ന് മാറ്റുമ്പോൾ പകരം വയ്ക്കാനായി കരുതിയിരുന്ന കെ.എൽ രാഹുലിന് കഴിഞ്ഞ ദിവസം പരിക്കേറ്റത് തിരിച്ചടിയായി.ഇതോടെ മായാങ്കിന് പകരം രോഹിത് തന്നെ ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണിംഗിനിറങ്ങാൻ തീരുമാനമായി.

കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ പേസർ ഉമേഷ് യാദവിന് പകരം കളിക്കളത്തിലിറങ്ങാൻ നറുക്ക് വീണിരിക്കുന്നത് യുവപേസർ നവ്‌ദീപ് സെയ്നിക്കാണ്.സെയ്നിയുടെ ടെസ്റ്റ് അരങ്ങേറ്റമാണ് സിഡ്നിയിൽ.ശാർദ്ദൂൽ താക്കൂറിനെയാണ് ആദ്യം പരിഗണിച്ചതെങ്കിലും വേഗതയിൽ പന്തെിയാനുള്ള കഴിവാണ് സെയ്നിക്ക് തുണയായത്. രണ്ടാം ഏകദിനത്തിനിടെ നേരിയ പരിക്കേറ്റിരുന്ന സെയ്നി ട്വന്റി-20 പരമ്പരയിൽ കളിച്ചിരുന്നില്ല.

ഓസീസിനും പുതിയ തുടക്കം

മെൽബണിലെ തോൽവിയോടെ ബാക്ക്ഫുട്ടിലായ ആസ്ട്രേലിയ ഓപ്പണിംഗിൽ മാറ്റം വരുത്തിയാകും സിഡ്നിയിൽ ഇറങ്ങുക. പരിക്കിൽ നിന്ന് മോചിതരായ ഡേവിഡ് വാർണറും പുക്കോവ്സ്കിയുമാകും മാത്യുവേഡ്-ജോ ബേൺസ് സഖ്യത്തിന് പകരം ഇറങ്ങുക.ബേൺസിനെ രണ്ടാം ടെസ്റ്റിന് ശേഷം ഒഴിവാക്കിയിരുന്നു. വേഡ് മദ്ധ്യനിരയിലേക്ക് മാറും.ബാറ്റിംഗ് നിരയ്ക്ക് ശക്തിപകരുന്നതാകും വാർണറു‌ടെയും പുക്കോവ്സ്കിയുടെയും വരവെന്ന് ഓസീസ് ക്യാപ്ടൻ ടിം പെയ്ൻ വിശ്വസിക്കുന്നു.

സ്പിൻ സിഡ്നി

പേസിനെ വാരിപ്പുണരുന്ന ആസ്ട്രേലിയൻ പിച്ചുകളുടെ പതിവ് ശൈലിയല്ല സിഡ്നിയിലേത്. സ്പിന്നിനെ തുണയ്ക്കുന്നതാണ് ഈ ഗ്രൗണ്ടിന്റെ ചരിത്രം. അതുകൊണ്ടുതന്നെ ഇരു ടീമിലെയും സ്പിന്നർമാരുടെ മാറ്റുരയ്ക്കൽ വേദിയാകും മൂന്നാം ടെസ്റ്റ്. ഇന്ത്യയ്ക്ക് വേണ്ടി പന്തുതിരിക്കാൻ അശ്വിനും ജഡേജയുമുണ്ട്. വേണ്ടിവന്നാൽ ഹനുമ വിഹാരിയെയും ഉപയോഗപ്പെടുത്താം. ഓസീസ് നിരയിൽ നഥാൻ ലിയോണാണ് സ്പിൻ തേരുതെളിക്കുന്നത്.യുവ ലെഗ്സ്പിന്നർ മിച്ചൽ സ്വപ്സണിനെയും ടീമിലുൾപ്പെടുത്തിയേക്കും.

ഇന്ത്യയു‌ടെ കരുത്ത്

1. രോഹിത് ശർമ്മയുടെ തിരിച്ചുവരവാണ് ഇന്ത്യൻ സംഘത്തിന് ആത്മവിശ്വാസം പകരുന്നത്. ഐ.പി.എല്ലിന് ശേഷം കളിക്കളത്തിൽ ഇറങ്ങിയിട്ടില്ലാത്ത രോഹിതിന് ആസ്ട്രേലിയയിൽ ടെസ്റ്റ് പരിചയവുമില്ല. എന്നാൽ അന്താാഷ്ട്ര രംഗത്തെ ഇത്രയും നാളത്തെ പരിചയ സമ്പത്ത് രോഹിതിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഉൗർജമേകും.

2. കഴിഞ്ഞ മത്സരത്തിൽ രഹാനെ കാഴ്ചവച്ച പ്രകടനം ടീമിന് മുഴുവൻ ഉൗർജം പകരുന്നതായിരുന്നു. ടെസ്റ്റ് ബാറ്റിംഗിന്റെ ചാരുതമുഴുവൻ ആവാഹിച്ച രഹാനെയുടെ ബാറ്റിംഗ് ശൈലി മറ്റുള്ളവർക്കും മാതൃകയായിരുന്നു.

3. സിഡ്നിയിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് അശ്വിൻ തന്നെയാണ്. സ്പിന്നിനെ തുണയ്ക്കാത്ത പിച്ചുകളിൽപ്പോലും മികച്ച പ്രകടനമാണ് അശ്വിൻ ഈ പരമ്പരയിൽ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ സിഡ്നിയിൽ അശ്വിനിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.കഴിഞ്ഞ മത്സരങ്ങളിൽ ആസ്ട്രേലിയൻ കുന്തമുനയായ സ്മിത്തിനെ വട്ടം ചുറ്റിച്ചത് അശ്വിനാണ്.

4. ആൾറൗണ്ടറായി രവീന്ദ്ര ജഡേജയുടെ സാന്നിദ്ധ്യം ഇന്ത്യൻ ടീമിന് നൽകുന്ന മുൻതൂക്കം ചെറുതല്ല. ബാറ്റുകൊണ്ടും ബാളുകൊണ്ടും ടീമിന് ആവശ്യമായ സംഭാവന നൽകുന്ന ജഡേജ കൂട്ടുകെട്ട് സൃഷ്‌ടിക്കുന്നതിലും മിടുക്കനാണ്.

5. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗില്ലിന്റെ പ്രകടനം ശുഭസൂചനയായിരുന്നു. രോഹിതിനൊപ്പം ഇന്നിംഗ്സ് തുറക്കാൻ ഗിൽ ഇറങ്ങും.

6. പേസർമാരായ ബുംറയും സിറാജും ഫോമിലാണ്. സെയ്നിയു‌ടെ വേഗവും ഗുണകരമാകും.

ചേതേശ്വർ പുജാരകൂടി ഫോമിലേക്ക് വന്നാൽ ഇന്ത്യൻ ബാറ്റിംഗിന് കരുത്താകും.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുജാരയ്ക്ക് മികവ് കാട്ടാൻ കഴിഞ്ഞിരുന്നില്ല.

ഇന്ത്യൻ ഇലവൻ റെഡി

മത്സരത്തിനുള്ള ഇന്ത്യൻ ഇലവനെ പ്രഖ്യാപിച്ചു. നവ്ദീപ് സെയ്നി അരങ്ങേറ്റം കുറിക്കുന്ന മത്സരത്തിൽ രോഹിത് ശർമ്മ ഓപ്പണറായി എത്തും.ഏഴ് ബാറ്റ്സ്മാമാരെയാണ് ഇന്ത്യ വിനിയോഗിച്ചിരിക്കുന്നത്. മൂന്ന് പേസർമാരും ഒരു സ്പിന്നറും സംഘത്തിലുണ്ട്.

ഇന്ത്യൻ ഇലവൻ : രോഹിത് ശർമ്മ,ശുഭ്മാൻ ഗിൽ,ചേതേശ്വർ പുജാര,അജിങ്ക്യ രഹാനെ,ഹനുമ വിഹാരി,റിഷഭ് പന്ത്,രവീന്ദ്ര ജഡേജ,അശ്വിൻ,ജസ്പ്രീത് ബുംറ,നവ്ദീപ് സെയ്നി,മുഹമ്മദ് സിറാജ്.

ആസ്ട്രേലിയൻ ടീം ഇവരിൽ നിന്ന്

ഡേവിഡ് വാർണർ,പുക്കോവ്സ്കി,സ്റ്റീവൻ സ്മിത്ത്,ടിം പെയ്ൻ,കാമറൂൺ ഗ്രീൻ,മാർക്കസ് ഹാരിസ്,പാറ്റ് കമ്മിൻസ്,ഹേസൽവുഡ്,ട്രാവിസ്ഹെഡ്,ഹെൻട്രിക്കസ്, ലബുഷാനെ,നഥാൻ ലിയോൺ,മൈക്കേൽ നെസെർ,പാറ്റിൻസൺ,സ്റ്റാർക്ക്,സ്വെപ്സൺ,മാത്യു വേഡ്

ടി.വി ലൈവ് : രാവിലെ അഞ്ചുമണിമുതൽ സോണി ടെൻ ചാനൽഗ്രൂപ്പിൽ