കഴുത്തിലെ കറുപ്പ് നിറം പലരുടെയും ഉറക്കം കെടുത്ത സൗന്ദര്യപ്രശ്‌നമാണ്. മുഖം മാത്രം വെളുത്തിരിക്കും, കഴുത്ത് ആകെക്കൂടി ഇരുണ്ട് കരുവാളിച്ച്. പിന്നെങ്ങനെ ആത്മവിശ്വാസത്തോടെ പുറത്തിറങ്ങും. വ്യായാമമില്ലായ്‌മ, രക്തസഞ്ചാരക്കുറവ്, വീതിയുള്ള മാല ധരിക്കൽ, കടുത്ത സൂര്യതാപമേൽക്കൽ എന്നിവയെല്ലാം കഴുത്തിൽ കറുപ്പുനിറമുണ്ടാവാനുള്ള കാരണങ്ങളാണ്. അതോടൊപ്പം ശരീരത്തിലെ ഹോർമോൺ വ്യതിയാനം മൂലവും കഴുത്തിൽ കറുപ്പുനിറം ഉണ്ടാകാം.
അമിതമായി വെയിൽ ഏൽക്കാതിരിക്കുകയും നിത്യവും യോഗ പരിശീലിക്കുകയും വേണം. പയറുപൊടിയിൽ നാരങ്ങാനീരു ചേർത്ത് കുഴമ്പുരൂപത്തിലാക്കി കഴുത്തിന് താഴെ നിന്നും മുകളിലേക്ക് മസാജ് ചെയ്യുന്നതും നല്ലതാണ്. കല്ലുപ്പ് പൊടിച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച് കഴുത്തിൽ പുരട്ടുക. ഇരുപത് മിനിട്ടിനുശേഷം കഴുകി കളയുക. ഇത് പതിവായി ചെയ്യുന്നത് കറുപ്പ് നിറം മാറ്റും. നാരങ്ങാത്തോട് ഉപയോഗിച്ച് കഴുത്ത് താഴെ നിന്നും മുകളിലേക്ക് മൃദുവായി ഉഴിയുന്നതും കരുവാളിപ്പ് അകറ്റാൻ നല്ലതാണ്.
കഴുത്തിന് ഭംഗി വരുത്താനും പ്രകൃതിദത്തമായ ഒരുപാട് മാർഗങ്ങൾ ഉണ്ട്. മുഖസൗന്ദര്യത്തിനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ എല്ലാ കാര്യങ്ങളും കഴുത്തിന്റെ ഭംഗിക്കും ഉപയോഗിക്കാം. ഒരു ടീസ്‌പൂൺ പാൽപാട, ഒരു ചെറുനാരങ്ങയുടെ നീര്, ഒരു ടീസ്‌പൂൺ വെള്ളരിക്കാനീര്, അര ടീസ്‌പൂൺ പഞ്ചസാര എന്നിവ മിശ്രിതമാക്കി കഴുത്തിൽ തേയ്‌ക്കുക. ഇരുപത് മിനിട്ട് കഴിഞ്ഞ് ശുദ്ധജലം ഉപയോഗിച്ച് കഴുകാം. അതുപോലെ, ഒരു ടീസ്‌പൂൺ വെളിച്ചെണ്ണയിൽ അല്പം ചെറുനാരങ്ങാനീര് ചേർത്ത് കഴുത്തിൽ പുരട്ടുക. ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകുക. ഫലം അറിയാം. അമിതമായി കഴുത്ത് വിയർക്കുമ്പോൾ ഒരു കോട്ടൺ തുണികൊണ്ട് ഇടയ്‌ക്കിടെ തുടച്ച് വൃത്തിയാക്കുന്നത് നല്ലതാണ്. നിത്യവും കഴുത്തിന് വ്യായാമം കൊടുക്കണം. ഉറങ്ങുമ്പോൾ ചെറിയ തലയണ ഉപയോഗിക്കുക. ഇരിക്കുമ്പോഴും നിൽക്കുമ്പോഴും തല നേരെ നിവർത്തി പിടിക്കുക.