നെഞ്ചിൽ വിങ്ങുന്ന നൊമ്പരത്തോടെയാണ് ഓരോ മൃതദേഹങ്ങളും യാത്രയാക്കുന്നത്. പലപ്പോഴും ഉള്ളുലച്ച അനുഭവങ്ങളുണ്ടായിട്ടുണ്ട്. കൂട്ടിന് പോകാൻ ആളില്ലാത്ത മൃതദേഹങ്ങളെ അനുഗമിക്കാറുണ്ട്. ഒരിക്കൽ ഒറീസക്കാരനായ ഒരാളുടെ മൃതദേഹവുമായി പോയി. മരിച്ചയാളുടെ ബന്ധുക്കളുമായും പൊലീസുമായും ബന്ധപ്പെട്ടാണ് പുറപ്പെട്ടത്. മൃതദേഹംവുമായി എത്തിയിട്ടും ഏറ്റെടുക്കാൻ ആരും വന്നില്ല. പൊലീസിന്റെ സഹായത്തോടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. മൂന്ന് ദിവസം അവിടുത്തെ ജയിലിലാണ് താമസിച്ചത്. തിരിച്ച് യു.എ.ഇയിൽ എത്തി ഒരു മണിക്കൂറിനകം പൊലീസ് വിളിച്ചു ബന്ധുക്കൾ വന്ന് ബോഡി ഏറ്റുവാങ്ങി എന്നറിയിച്ചു. അവർ വിവരമെല്ലാമറിഞ്ഞിരുന്നെന്നും എനിക്ക് പൈസ തരേണ്ടി വരുമെന്ന് കരുതി മാറി നിൽക്കുകയായിരുന്നെന്ന് പിന്നീടറിഞ്ഞത് വളരെ വിഷമമുണ്ടാക്കി.
പിന്നീടൊരിക്കൽ ഒമാനിൽ നിന്ന് തലശേരിക്കാരായ കുടുംബം യു.എ.ഇയിൽ സന്ദർശനത്തിനെത്തി. അവരുടെ വണ്ടി അപകടത്തിൽ പെട്ടു. ഭാര്യ മരിച്ചു. മൂന്ന് വയസുള്ള കുഞ്ഞ് ഐ.സി.യുവിൽ. ഭർത്താവ് ആക്സിഡന്റുണ്ടാക്കി എന്ന കേസിൽ ജയിലിലായി. കോടതിയുടെ അനുവാദത്തോടെ ഭർത്താവിനെ മൃതദേഹം കാണിക്കാൻ മോർച്ചറിയിൽ കൊണ്ടുവന്നു. അപ്പോഴാണ് ഭർത്താവ് അറിയുന്നത് ഭാര്യ മരിച്ചെന്ന്. ആ കാഴ്ച മനസ് തകർത്തു. ചിലപ്പോൾ മരിച്ചവർക്ക് വിലാസം പോലുമുണ്ടാവില്ല. കൂടെ താമസിക്കുന്നവർക്കും പരിചയക്കാർക്കും അയാളുടെ കുടുംബം അപരിചിതമായിരിക്കും. ഏറെ പണിപ്പെട്ടാണ് അവരുടെ അഡ്രസ് കണ്ടെത്തുന്നത്. പിന്നീട് ബന്ധുക്കളെ വിവരമറിക്കും. വീട്ടുകാരുടെ സമ്മതപത്രം നേടണം. സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി പേപ്പറുകൾ ശരിയാക്കണം, എയർ ടിക്കറ്റ് എടുക്കണം. അവസാനം പെട്ടിയിൽ പേരെഴുതി യാത്രയാക്കണം....ദിവസങ്ങൾ നീളുന്ന കഷ്ടപ്പാടുകളുണ്ട് ഓരോ മൃതദേഹവും നാട്ടിലെത്തിക്കാൻ. ആദ്യ കാലത്ത് തനിയെയായിരുന്നു ഇതെല്ലാം ചെയ്ത് തീർക്കേണ്ടത്. ഇപ്പോൾ സഹായത്തിന് പലരുമുണ്ട്.