തിരുവനന്തപുരം: സംസ്ഥാനത്തെ ജലഗതാഗത മേഖലയിൽ നാഴികക്കല്ലായി മാറുന്ന കോവളം മുതൽ ബേക്കൽ വരെയുള്ള വെസ്റ്റ് കോസ്റ്റ്
കനാലിന്റെ ആദ്യഘട്ടമായ 306 കിലോമീറ്റർ ദൂരമുളള ജലപാത ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്യും. തിരുവനന്തപുരത്ത് വള്ളക്കടവിൽ നിന്ന് കൊല്ലം വരെയുള്ള 68 കിലോമീറ്ററും തൃശൂർ കോട്ടപ്പുറം മുതൽ ചാവക്കാട് വരെയുള്ള 70 കിലോമീറ്റർ കൂടി യാഥാർത്ഥ്യമാകുന്നതോടെയാണിത്. നിലവിൽ ഈ ജലപാതയിലെ 16 കിലോമീറ്റർ ഗതാഗതയോഗ്യമാണ്. 39 ജലാശയങ്ങളെ ബന്ധിപ്പിച്ച് സംസ്ഥാന, ദേശീയ ജലപാതകൾ ചേർന്നതാണ് ബേക്കൽ വരെയുള്ള 620 കിലോമീറ്റർ ജലപാത.
ഉൾനാടൻ ജലഗതാഗതത്തിന് സോളാർ ബോട്ട് സർവീസ്
കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ജലഗതാഗത പാത യാഥാർത്ഥ്യമാകുന്നതോടെ 350 മുതൽ 500 ടൺ വരെ ചരക്ക് ഗതാഗതം ഇതുവഴി സാദ്ധ്യമാകും. ആക്കുളം മുതൽ കൊല്ലം വരെ പത്ത് മുതൽ 15 മീറ്റർ വീതിയും 1.5 മീറ്റർ ആഴവുമാണുള്ളത്. ഇതിലൂടെ 24 പേർക്ക് സഞ്ചരിക്കാവുന്ന സോളാർ ബോട്ട് സർവീസ് നടത്തും. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഈ ബോട്ട് ഇപ്പോൾ കൊച്ചിയിൽ പരീക്ഷണ സർവീസ് നടത്തുന്നുണ്ട്. ഉൾനാടൻ ജലഗതാഗത പുനരുജ്ജീവനത്തിനായി സർക്കാർ രൂപീകരിച്ച വിവിധോദ്ദേശ്യ സ്ഥാപനമായ കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ഡബ്ല്യു.ഐ.എൽ) ഇതിന്റെ അവസാനവട്ട ജോലികളിലാണ്. ആക്കുളം മുതൽ കൊല്ലം വരെയുള്ള ജലപാതയിലുള്ള രണ്ട് പ്രധാന ടണലുകൾ 722 മീറ്റർ നീളമുള്ള ശിവഗിരി തുരപ്പും 350 മീറ്റർ നീളമുള്ള ചിലക്കൂർ തുരപ്പുമാണ്. ഇവ ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. ഇവിടങ്ങളിലെ 60 കുടുംബങ്ങളുടെ പുനരധിവാസ പാക്കേജിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
പശ്ചിമഘട്ടതീര കനാൽ
'പശ്ചിമഘട്ടതീര കനാൽ' എന്നായിരിക്കും കോവളം മുതൽ കാസർകോട് ബേക്കൽ വരെയുള്ള 621 കിലോമീറ്റർ ജലപാത അറിയപ്പെടുക. ഈ
ജലപാതയുടെ ഭാഗമായി ദേശീയ, സംസ്ഥാന ജലപാതകൾ വരും. 3000 കോടി ചെലവിൽ മൂന്ന് ഘട്ടമായി നവീകരിക്കുകയാണ് ലക്ഷ്യം. പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന്റെ തെക്ക് - വടക്ക് അന്തരീക്ഷ മലിനീകരണമില്ലാതെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം. ചരക്ക് ഗതാഗതവും എളുപ്പമാവും. പൂർണ ചരക്ക് ഗതാഗതം 2025ൽ പൂർത്തിയാകുന്ന മൂന്നാംഘട്ടത്തിൽ ആയിരിക്കും.
ദേശീയ ജലപാത
കൊല്ലം മുതൽ തൃശൂർ കോട്ടപ്പുറം വരെ 168 കിലോമീറ്റർ. ഇതിന്റെ നവീകരണം പൂർത്തിയായി. കോട്ടപ്പുറം മുതൽ കോഴിക്കോട് വരെ 165 കിലോമീറ്റർ. അടുത്തിടെ ഇതും ദേശീയ ജലപാതയായി പ്രഖ്യാപിച്ചു. നവീകരണം തുടങ്ങിയിട്ടില്ല. ദേശീയ ജലപാത അതോറിട്ടിയാണ് നവീകരണം നിർവഹിക്കുക.
സംസ്ഥാന ജലപാത
കൊല്ലം മുതൽ കോവളം വരെ 74.18 കിലോമീറ്ററും കോഴിക്കോട് - ബേക്കൽ വരെ 214 കിലോമീറ്ററും ഈ ഭാഗങ്ങളുടെ നവീകരണം പുരോഗമിക്കുകയാണ്. സംസ്ഥാന ഉൾനാടൻ ജലഗതാഗത വകുപ്പാണ് നവീകരണം നിർവഹിക്കുന്നത്.