farmers

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി–ഹരിയാന അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ തിങ്കളാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീംകോടതി. നിയമങ്ങൾ റദ്ദാക്കാണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികളിൽ ഒരു മാറ്റവുമില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ചർച്ചകൾ നടക്കുകയാണെന്നും സർക്കാരും സമരക്കാരും തമ്മിൽ എന്തെങ്കിലും ധാരണയുണ്ടാകാനുളള സാദ്ധ്യതയുണ്ടെന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. സാഹചര്യം മനസിലാക്കുന്നുവെന്നും ചർച്ചകൾ പ്രോത്സാഹിപ്പിക്കാനാണ് കോടതിയുടെ ആഗ്രഹമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ടാൽ തിങ്കളാഴ്‌ചയും ഹർജികൾ മാറ്റിയേക്കുമെന്നും കോടതി സൂചിപ്പിച്ചു.

Supreme Court today adjourned the hearing to January 11, while noting that "we understand the farmers' situation", during the hearing in a petition filed by a lawyer, seeking quashing of Centre's three farm laws

— ANI (@ANI) January 6, 2021

കർഷകസമരം ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടില്ലെങ്കിൽ പാർലമെന്റ് സമ്മേളനത്തിൽ വലിയ പ്രതിഷേധം ഉയർത്താനാണ് എം പിമാരുടെ നീക്കം. നാൽപ്പത് ദിവസത്തോളമായി രാജ്യതലസ്ഥാനത്തെ കൊടുംതണുപ്പിൽ കഴിയുന്ന കർഷകർ കടുത്ത തണുപ്പും ഇടയ്‌ക്കിടെയുളള മഴയും കാരണം പ്രതിഷേധ സ്ഥലത്ത് കൂടുതൽ വെളളം കയറാതിരിക്കാൻ താത്‌ക്കാലിക കൂടാരങ്ങൾ സ്ഥാപിച്ചിരുന്നു. എന്നാൽ കനത്ത മഴയിൽ പ്രതിഷേധ സ്ഥലത്തെ ചില കൂടാരങ്ങൾ തകർന്നതും മഴവെളളം മറ്റ് കൂടാരങ്ങളിലേക്ക് പ്രവേശിച്ചതും വിറകും വസ്ത്രവും കുതിർക്കുന്നതിന് കാരണമായി. ഇതേത്തുടർന്ന് ഡൽഹിയിലെ സിങ്കു അതിർത്തിയിൽ പ്രതിഷേധക്കാർക്ക് അഭയത്തിനായി വാട്ടർപ്രൂഫ് കൂടാരങ്ങൾ സ്ഥാപിക്കാനുളള ഒരുക്കത്തിലാണ് കർഷകർ.

farmers

വെളളക്കെട്ട് മൂലമുണ്ടാകുന്ന രോഗങ്ങളെ നേരിടാൻ ഫോഗിംഗ് മെഷീനുകളും സിങ്കു അതിർത്തിയിൽ എത്തിയിട്ടുണ്ട്. സർക്കാരുമായി ഒരു നീണ്ട പോരാട്ടത്തിന് തങ്ങൾ തയ്യാറാണെന്ന് പ്രതിഷേധിക്കുന്ന കർഷകർ പറയുന്നു. മോശം കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന തങ്ങളുടെ ട്രാക്‌ടർ മാർച്ച് മാറ്റിവച്ചെങ്കിലും, കാർഷിക നിയമങ്ങൾക്കെതിരായ തങ്ങളുടെ പ്രതിഷേധം വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് കർഷകർ വാദിച്ചു.