
ജനീവ: കൊവിഡിന്റെ ഉത്ഭവം അന്വേഷിക്കാൻ ചൈനയിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്ന വിദഗ്ദ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാൻ ചൈനീസ് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയുടെ നടപടി ഏറെ നിരാശാജനകമാണെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പത്തംഗ സംഘമാണ് മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഈ ആഴ്ച ചൈനയിലെത്താൻ തയ്യാറെടുത്തിരിക്കുന്നത്. പീറ്റർ ബെൻ എംബാരക്കാണ് സംഘത്തലവൻ. പ്രാഥമിക അന്വേഷണങ്ങൾക്കായി അദ്ദേഹം കഴിഞ്ഞ വർഷം ജൂലായിൽ അദ്ദേഹം ചൈനയിൽ എത്തിയിരുന്നു. സംഘത്തിലെ രണ്ട് പേർ നേരത്തെ തന്നെ ചൈനയിലേക്ക് യാത്രതിരിച്ചെങ്കിലും ഇരുവർക്കും അനുമതി നൽകിയില്ലെന്നാണ് വിവരം.
'സംഘത്തിന് ചൈനയിലേക്ക് പ്രവേശിക്കാനുള്ള അടിയന്തര അനുമതി നൽകുന്ന കാര്യത്തിൽ ചൈന ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഇപ്പോഴാണ് മനസിലായത്. മുതിർന്ന ചൈനീസ് അധികൃതരുമായി സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെയും രാജ്യാന്തര സംഘത്തിന്റെയും പ്രഥമ ദൗത്യത്തിന്റെ ലക്ഷ്യം അവരെ അറിയിക്കുകയും ചെയ്തു. പ്രവേശന അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ചൈന എത്രയും വേഗത്തിൽ പൂർത്തീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് - ട്രെഡ്രോസ് പറഞ്ഞു.
അതേസമയം വിസാ ക്ലിയറൻസുമായി ബന്ധപ്പെട്ട പ്രശ്നമാണ് അനുമതി ലഭിക്കാത്തതിന് കാരണമെന്ന് ലോകാരോഗ്യ സംഘടനാ അടിയന്തര വിഭാഗം ഡയറക്ടർ മൈക്കൽ റയാൻ അഭിപ്രായപ്പെട്ടു. വേഗത്തിൽ തന്നെ ചൈന പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തിൽ ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.