
സംഗീത മാന്ത്രികൻ എ.ആർ.റഹ്മാന് 54 വയസ് . അമ്മയുടെ വേർപാടിൽ വിതുമ്പുകയാണ് റഹ്മാൻ.അമ്മയായിരുന്നു റഹ്മാന് എല്ലാം. അമ്മയില്ലാതെ എന്ത് പിറന്നാൾ ആഘോഷം എന്നാണ് റഹ്മാൻ പറഞ്ഞത്
സംഗീതലോകത്തെ പകരക്കാരനില്ലാത്ത സംഗീതജ്ഞൻ എ .ആർ .റഹ്മാന് കഴിഞ്ഞ ദിവസം 54 വയസു തികഞ്ഞു. പ്രിയപ്പട്ട അമ്മ അടുത്തില്ലാതെ റഹ്മാന്റെ ജന്മദിനം കടന്നുപോയി. അമ്മയുടെ തണലിൽ വളർന്ന റഹ്മാന് സംഗീതത്തേക്കാൾ പ്രിയപ്പെട്ടതാണ് അമ്മ കരീമ. ദിലീപ്,എ .ആർ റഹ്മാനായി വളർന്നതിന് പിന്നിൽ അമ്മ എന്ന ശക്തി എപ്പോഴും പ്രതിഫലിച്ചിരുന്നു.ആത്മീയമായുള്ള ഒരു ശക്തി തന്നെയാണ് അമ്മയെന്ന് എ .ആർ റഹ്മാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മകനെ ഇത്രയധികം സ്നേഹിക്കുന്ന കരുതലുള്ള ഒരമ്മ വേറെയില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയാറുണ്ട്. അമ്മയില്ലാത്ത ഈ ജന്മദിനം അദ്ദേഹത്തിന് വിങ്ങലായി.
കുട്ടിക്കാലം മുതൽ സംഗീതാത്മകമായിരുന്നു എ .ആർ റഹ്മാന്റെ ജീവിതം. മലയാളത്തിലും തമിഴിലും സംഗീതം നൽകിയിരുന്ന ആർ.കെ ശേഖറിന്റെ മകനായുള്ള ജനനം അദ്ദേഹത്തെ ചെറുപ്പം മുതൽ സംഗീതവുമായി കൂടുതൽ അടുപ്പിച്ചു. അച്ഛന്റെ റെക്കോർഡിംഗ് സ്റ്റുഡിയോയിലെ സ്ഥിരം സന്ദർശകനായ എ .ആർ റഹ്മാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല താൻ ഒരിക്കൽ ഇന്ത്യൻ സിനിമയുടെ സംഗീത മുഖമായി മാറുമെന്ന്. എ .ആർ റഹ്മാൻ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നുഅച്ഛന്റെ മരണം. ആ വേർപാട് അദ്ദേഹത്തെയും കുടുംബത്തെയും സാരമായി ബാധിച്ചു. ജീവിക്കാൻ മാർഗമില്ലാതെ അച്ഛന്റെ സംഗീതോപകരണങ്ങൾ പോലും വിൽക്കേണ്ടിവന്നു. എല്ലാ പ്രതിസന്ധികളിലും കുടുംബത്തിന്റെ കൈത്താങ്ങായി അമ്മ കരീമ നിലകൊണ്ടു. താൻ വലുതാകുമ്പോൾ അമ്മയ്ക്ക് അഭിമാനമായി മാറുന്ന മകനാകണമെന്ന് എ .ആർ റഹ്മാൻ അന്നേ ഉറപ്പിച്ചിരുന്നു.ബാല്യത്തിൽ പല ജോലിക്കും പോയി. പരീക്ഷകൾ പലതും അതിനാൽ തന്നെ തോറ്റു.
സംഗീതത്തോടുള്ള റഹ്മാന്റെ അഭിരുചി കണ്ട് മദ്രാസ് ക്രിസ്റ്റ്യൻ കോളജിൽ പ്രവേശനം ലഭിച്ചു. അതായിരിന്നു റഹ്മാന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറിയ സംഭവം. ഒട്ടേറെ ഓർക്കസ്ട്രകളിൽ ജോലി ചെയ്തു. 1992 മണിരത്നം ചിത്രം റോജയിലൂടെയാണ് എ .ആർ റഹ്മാൻ സിനിമ മേഖലയിലേക്ക് വരവറിയിച്ചത്.'ചിന്ന ..ചിന്ന...ആശൈ .."എന്ന ഗാനം മുതൽ റോജയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായി. ആദ്യമായി നവാഗത സംഗീതജ്ഞനെ തേടി ദേശീയ അംഗീകാരം എത്തി. ഭാഷകളുടെ അതിർ വരമ്പുകൾ ഭേദിച്ച് എ ആർ റഹ്മാന്റെ സംഗീതം വിസ്മയം തീർത്തു .മലയാളത്തിൽ സംഗീത്ശിവൻ സംവിധാനം ചെയ്ത യോദ്ധയുടെ സംഗീതം റഹ്മാനായിരുന്നു.
തുടർന്ന് റഹ്മാൻ തരംഗം തമിഴകത്തു മാത്രമല്ല ബോളിവുഡിലേക്കും ഹോളിവുഡിലേക്കും പടർന്നു.സ്ളം ഡോഗ് മില്യണറിലൂടെ ഓസ്കാറും റഹ്മാനെ തേടിയെത്തി.തന്റെ സംഗീത സപര്യയിൽ നിരവധി അംഗീകാരം തേടിയെത്തി. രണ്ട് ഒാസ്കാർ പുരസ്കാരങ്ങൾ ,രണ്ട് ഗ്രാമി അവാർഡ്, ബാഫ്ത പുരസ്കാരം, നാലു ദേശിയ പുരസ്കാരങ്ങൾ തുടങ്ങി നിരവധി അംഗീകാരങ്ങളാണ് ഈ അതുല്യ പ്രതിഭയെ തേടിയെത്തിയത്. എണ്ണിയാൽ ഒടുങ്ങാത്ത ഗാനങ്ങൾ തീർത്ത എ.ആർ റഹ്മാൻ സംഗീത പ്രേമികൾക്ക് മാന്ത്രികനെപോലെയാണ്. വിജയ് ചിത്രം ബിഗിലിലെ ''സിങ്ക പെണ്ണേ"" എന്ന ഗാനമാണ് ഏറ്റവുമൊടുവിൽ ഹിറ്റായ അദ്ദേഹത്തിന്റെ ഗാനം. ഇന്നും ഇന്ത്യൻ സംഗീത പ്രേമികളുടെ ചുണ്ടുകളിൽ വിരിയുന്നത് എ .ആർ റഹ്മാന്റെ പാട്ടുകളാണ്.ളാണ്.