nepal-china

ന്യൂഡൽഹി: തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സീനോവാക് നേപ്പാളിന് വേണ്ടത്ര നൽകാമെന്ന് നേപ്പാൾ ഭരണകൂടത്തെ ചൈന അറിയിച്ചതാണ്. എന്നാൽ ഇക്കാര്യത്തിൽ നേപ്പാളിന് വിശ്വാസം ഇന്ത്യയെയാണ്. കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയ നേപ്പാൾ സർക്കാർ ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിൻ വാങ്ങിയാൽ മതിയെന്ന് തീരുമാനിച്ചു.

ജനുവരി 14ന് ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്താൻ നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി ഡൽഹിയിൽ എത്തുന്നുണ്ട്. ഈ സമയം നേപ്പാളിലേക്ക് 1.2 കോടി ഡോസ് കൊവിഡ് വാക്‌സിൻ നൽകുമെന്ന് ഇന്ത്യ ഉറപ്പ് നൽകും. നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലിയ്‌ക്ക് ഇന്ത്യയിൽ നിന്നുള‌ള വാക്‌സിൻ എത്തിക്കുന്നതാണ് താൽപര്യം. ഇതിനായി ഇന്ത്യയിലെ നേപ്പാൾ അംബാസഡർ നീലാംബർ ആചാര്യ ഇന്ത്യയിലെ വിവിധ വാക്‌സിൻ നിർമ്മാണ കമ്പനികളുമായി പല തവണ ചർച്ച നടത്തി കഴിഞ്ഞു. ഇക്കാര്യങ്ങൾക്കായി ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥരെയും നീലാംബർ ആചാര്യ കണ്ടു. ചൊവ്വാഴ്‌ച നേപ്പാൾ അംബാസിഡർ ഭാരത് ബയോടെക് ഡയറക്‌ടറുമായി ഇക്കാര്യം ചർച്ച ചെയ്‌തു.

നേപ്പാളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കൈയയച്ച് സഹായം നൽകിയ ചൈന പ്രധാനമന്ത്രി ശർമ്മ ഒലിയും നേപ്പാൾ കമ്മ്യൂണിസ്‌റ്റ് പാർട്ടി സഹ അദ്ധ്യക്ഷൻ പ്രചണ്ഡയുമായുള‌ള അധികാര തർക്കത്തിൽ കൂടുതൽ ഇടപെടാനാകാതെ നിൽക്കുകയാണ്. നിലവിൽ പാർലമെന്റ് പിരിച്ചുവിട്ട് ഏപ്രിൽ മാസത്തിൽ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി.

നേപ്പാൾ വിദേശകാര്യമന്ത്രിയുടെ സന്ദർശനം അടുത്തിടെ തകരാറിലായ ഉഭയകക്ഷി ബന്ധത്തെ പുനരുജ്ജീവിപ്പിക്കാൻ കാരണമാകുമെന്നാണ് വിദഗ്‌ദ്ധരുടെ നിരീക്ഷണം. ഭൂമിശാസ്‌ത്രപരമായും, ചരിത്രപരമായും,സാംസ്‌കാരികവും ഭാഷാപരമായും മതപരമായും ഇന്ത്യയുമായി വളരെയധികം ബന്ധമുണ്ട് നേപ്പാളിന്. 2018ലെ നേപ്പാൾ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രാമായണ കഥയുമായി ബന്ധമുള‌ള ജനക്‌പൂർ നേപ്പാളിലാണ്. ജനക്‌പൂർ വികസനത്തിന് 100 കോടിയുടെ പാക്കേജ് മുൻപ് മോദി നേപ്പാളിന് പ്രഖ്യാപിച്ചിരുന്നു.