app-ban

വാഷിംഗ്ടൺ: എട്ട് ചൈനീസ് സോഫ്റ്റ്‌വെയർ ആപ്പുകൾ എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം നിരോധിച്ച് അമേരിക്ക. ആന്റ് ഗ്രൂപ്പിന്റെ അലിപേ,​ കാംസ്‌കാനർ, ക്യൂക്യൂ വാലറ്റ്, ഷെയർ ഇറ്റ്, ടാസെന്റ് ക്യൂക്യൂ, വിമേറ്റ്, വീചാറ്റ് പേ, വി.പി.എസ് ഓഫീസ് എന്നീ ആപ്പുകളാണ് അധികാരമൊഴിയാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരോധിച്ചിരിക്കുന്നത്. ആപ്പുകൾ വഴി ചൈനീസ് സർക്കാർ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് ആരോപിച്ചാണ് നിരോധനം. 45 ദിവസത്തിനു ശേഷമാണ് എക്സിക്യൂട്ടീവ് ഓർഡർ നിലവിൽ വരിക. ഇതിനോടകം ജോ ബൈഡൻ പ്രസിഡന്റായി ചുമതലയേൽക്കും.

അതേസമയം, ബൈഡൻ സർക്കാരിന്റെ ഭാഗമായി സ്ഥാനമൽക്കുന്ന പുതിയ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാതെയാണ് ട്രംപ് ഉത്തരവ് പുറത്തിറക്കിയതെന്നാണ് റിപ്പോർട്ട്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് ഉൾപ്പെടെയുള്ള ആപ്പുകളും മുൻപ് യു.എസ് നിരോധിച്ചിരുന്നുവെങ്കിലും ഇതിനെതിരെ കോടതി നടപടി സ്വീകരിച്ചിരുന്നു.

ജനങ്ങളുടെ വ്യക്തിവിവരങ്ങൾ സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ് ആപ്പുകൾ സർക്കാർ നിരോധിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആപ്പ് നിരോധനത്തിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് ഉൾപ്പെടുത്തേണ്ടതെന്ന് വാണിജ്യ സെക്രട്ടറിയോടും വിശദീകരണം തേടിയിട്ടുണ്ട്. നടപടിയെ അപലപിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്.