kids

കുട്ടികളിലെ സംസാര വൈകല്യം നിസാരമല്ല. ഈ പ്രശ്‌നം ശ്രദ്ധയിൽ പെടാതിരിക്കുന്നത് ചികിത്സ വൈകിപ്പിക്കുകയും കുട്ടികളിൽ അപകർഷതാബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. കുട്ടികളിൽ സംസാര സ്ഫുടത ഇല്ലാത്തതും സംസാരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും സംസാരവൈകല്യത്തിന്റെ ലക്ഷണങ്ങളാകാം. മാസം തികയാതെ ജനിക്കുന്ന ശിശുക്കൾ, ഗർഭാവസ്ഥയിൽ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ എന്നിവർക്ക് ആശയവിനിമയത്തിൽ കാലതാമസം ഉണ്ടാകാറുണ്ട്. കേൾവിക്കുറവ്, ഓട്ടിസം,മുച്ചുണ്ട്, ബുദ്ധിക്കുറവ് , തലച്ചോറിനുണ്ടാകുന്ന രോഗങ്ങൾ എന്നിവ മൂലവും സംസാര വൈകല്യം അനുഭവപ്പെടാം. കുട്ടിക്ക് സംസാര വൈകല്യമുണ്ടെങ്കിൽ സ്പീച്ച് തെറാപ്പി നൽകാം. സ്പീച്ച് തെറാപ്പിസ്റ്റിന്റെ പരിശീലനം കുട്ടിയുടെ ഭാഷയും ആശയവിനിമയ രീതിയും മെച്ചപ്പെടുത്തും. സ്പീച്ച് തെറാപ്പിക്കൊപ്പം രക്ഷിതാക്കൾ കുട്ടികളോടൊപ്പം പരമാവധി സമയം ചെലവിടാൻ ശ്രദ്ധിക്കണം. അവരോട് കൂടുതൽ ആശയവിനിമയം നടത്തുകയും സംസാരിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.