kim

പോഗ്യാംഗ്:രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ തനിയ്ക്ക് തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. വർക്കേഴ്സ് പാർട്ടിയുടെ നേതൃയോഗത്തിലായിരുന്നു കിം ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഉത്തര കൊറിയയുടെ ചരിത്രത്തിൽ തന്നെ എട്ടാം തവണയാണ് പാർട്ടി യോഗം ചേരുന്നത്. ചൊവ്വാഴ്ച മുതലാണ് തലസ്ഥാന നഗരമായ പോഗ്യാഗിൽ പാർട്ടി കോൺഗ്രസ് യോഗം തുടങ്ങിയതെന്ന് കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. പാർട്ടിയും ജനങ്ങളും വലിയ നേട്ടങ്ങളുണ്ടാക്കിയെന്ന് കിം വ്യക്തമാക്കിയെങ്കിലും ദേശീയ സാമ്പത്തിക വികസനത്തിനായുള്ള പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതിൽ തെറ്റുകൾ സംഭവിച്ചെന്ന് കിം വിലയിരുത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഉത്തര കൊറിയ കഴിഞ്ഞ വർഷം പദ്ധതി ഉപേക്ഷിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധിയും രാജ്യത്തെ സാമ്പത്തിക ഞെരുക്കത്തിലാക്കി. പ്രതിസന്ധി മറികടക്കാനായി ഉത്തര കൊറിയ പല രാജ്യങ്ങളിലെയും എംബസികൾ അടച്ചു പൂട്ടുകയും ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ചൈനയുമായുള്ള വ്യാപാരത്തിലും ഇടിവുണ്ടായി. എന്നാൽ രാജ്യത്ത് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വേനൽക്കാലത്തുണ്ടായ പ്രളയമാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കിയതെന്നുമാണ് ഉത്തര കൊറിയയുടെ വാദം.