rape-case

ലക്‌നൗ: ഉത്തർപ്രദേശിൽ 50 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വീടിന് മുന്നിൽ ഉപേക്ഷിച്ചു. ബദ്വാൻ ജില്ലയിലെ അങ്കണവാടി ജീവനക്കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.

വൈകിട്ട് അഞ്ചു മണിയോടെ ക്ഷേത്രത്തിലേക്ക് പോയ സ്ത്രീയുടെ മൃതദേഹം ക്ഷേത്രത്തിലെ പുരോഹിതനും മറ്റ് രണ്ടുപേരും ചേർന്ന് രാത്രി പതിനൊന്നരയോടെയാണ് വീട്ടിലെത്തിച്ചത്. കിണറ്റിൽ വീണു മരിച്ചുവെന്നാണ് പുരോഹിതനും കൂടെയുള്ളവരും വീട്ടുകാരോട് പറഞ്ഞത്. മൃതദേഹം വീടിന്റെ വാതിലിന് മുന്നിൽ കിടത്തിയ ശേഷം ഇവർ വേഗം സ്ഥലം വിടുകയായിരുന്നു. സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് കേസെടുത്തതോടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. സ്വകാര്യഭാഗങ്ങളിൽ മുറിവേറ്റതായും കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി. സംഭവം വിവാദമായതോടെ എസ്.എസ്.പി അടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കേസിൽ ഇടപെട്ടു.

'ക്ഷേത്രത്തിലെ പുരോഹിതനും അനുയായികളായ രണ്ടുപേരും ചേർന്ന് കൃത്യം നടത്തിയെന്നാണ് സ്ത്രീയുടെ മകന്റെ ആരോപണം. സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസിൽ അലംഭാവം കാണിച്ച സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തതായും ബദ്വാൻ ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതേസമയം, താൻ നിരപരാധിയാണെന്ന് വിശദീകരിച്ചുള്ള പുരോഹിതന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് വന്ന സ്ത്രീ കിണറ്റിൽ വീണതാണെന്നും താനടക്കമുള്ളവർ അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് വീഡിയോയിൽ പറയുന്നത്. സ്ത്രീയെ വീട്ടിൽ എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നതായും പുരോഹിതൻ വിശദീകരിക്കുന്നുണ്ട്.