nedungandam

കൊച്ചി: നെടുങ്കണ്ടം കസ്‌റ്റഡി മരണകേസിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും. രാവിലെ 11നാണ് ജസ്‌റ്റിസ് നാരായണ കുറുപ്പ് കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കുക. ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് പണമിടപാട് സ്ഥാപനത്തിന്റെ എം.ഡിയായ രാജ്കുമാർ നെടുങ്കണ്ടത്ത് പൊലീസ് കസ്‌റ്റഡിയിൽ ക്രൂരമർദ്ദനത്തിന് ഇരയായി മരിച്ചതാണ് നെടുങ്കണ്ടം കസ്‌റ്റഡി മരണ കേസ്. 2019 ജൂൺ 21നായിരുന്നു സംഭവം. സാമ്പത്തിക തട്ടിപ്പ് അന്വേഷിച്ച നെടുങ്കണ്ടം എസ്.ഐ സാബു ഉൾപ്പടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ.

മരണമടഞ്ഞ രാജ്‌കുമാറിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ ആദ്യം മരണകാരണമായി പറഞ്ഞത് ന്യുമോണിയയാണെന്നായിരുന്നു. തുടർന്ന് കേസിൽ വ്യാപക പരാതികൾ ഉയർന്നതോടെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം നടത്തുകയും ഭീകര മർദ്ദനമേറ്റാണ് രാജ്‌കുമാർ മരിച്ചതെന്ന് കണ്ടെത്തുകയും ചെയ്‌തു. ആദ്യ പോസ്‌റ്റ്മോർട്ടം ശ്രദ്ധയില്ലാതെ ചെയ്‌തെന്നും കണ്ടെത്തി. ഇക്കാര്യം അന്വേഷിക്കാൻ 2019 ജൂലായ് നാലിന് സർക്കാർ നിയോഗിച്ച ജസ്‌റ്റിസ് നാരായണ കുറുപ്പ് കമ്മീഷൻ സമർപ്പിക്കുന്ന റിപ്പോർട്ട് ഇരുനൂറ് പേജോളമുണ്ട്. അറുപതോളം സാക്ഷികളെ വിസ്‌തരിച്ചതിന്റെ വിവരവും റിപ്പോർട്ടിലുണ്ട്.