രണ്ടാം ടെസ്റ്റിലും കിവീസ് പാകിസ്ഥാനെ തോൽപ്പിച്ച് പരമ്പര തൂത്തുവാരി
ചരിത്രത്തിലാദ്യമായി ഐ.സി.സി റാങ്കിംഗിൽ കിവീസ് ഒന്നാമത്
ക്രൈസ്റ്റ്ചർച്ച് : പാകിസ്ഥാനെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 176 റൺസിനും തോൽപ്പിച്ച ന്യൂസിലാൻഡ് പരമ്പര 2-0ത്തിന് തൂത്തുവാരുകയും ചരിത്രത്തിലാദ്യമായി ഐ.സി.സി റാങ്കിംഗിൽ ഒന്നാമതെത്തുകയും ചെയ്തു.
ക്രൈസ്റ്റ്ചർച്ചിൽ പാകിസ്ഥാനെ ആദ്യ ഇന്നിംഗ്സിൽ 297 റൺസിന് ആൾഔട്ടാക്കിയശേഷം കിവീസ് 659/6 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്നു. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാൻ 186 റൺസിന് ആൾഔട്ടായതോടെയാണ് ആതിഥേയർ ഇന്നിംഗ്സ് വിജയം ആഘോഷിച്ചത്. ആദ്യ ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ ആറുവിക്കറ്റും വീഴ്ത്തിയ കൈൽ ജാമീസണാണ് മാൻ ഒഫ് ദ മാച്ച്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറിയും (129) രണ്ടാം ഇന്നിംഗ്സിൽ ഇരട്ടസെഞ്ച്വറിയും (238)നേടിയ കേൻ വില്യംസൺ മാൻ ഒഫ് ദസിരീസായി.
ആസ്ട്രേലിയയെ പിന്തള്ളിയാണ് ന്യൂസിലാൻഡ് ടെസ്റ്റ് ടീം റാങ്കിംഗിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഒന്നാം റാങ്കിലെത്തുന്ന ആറാമത്തെ രാജ്യമാണ് ന്യൂസിലാൻഡ്. ആകെ ഏഴ് രാജ്യങ്ങളാണ് ഇതുവരെ ഐ.സി.സി റാങ്കിംഗിൽ ഒന്നാമതെത്തിയിട്ടുള്ളത്. രണ്ട് വർഷം മുമ്പ് കിവീസ് ഒന്നാം റാങ്കിനരികത്തുവരെയെത്തിയിരുന്നു.
118 പോയിന്റുമായാണ് കിവീസ് ഒന്നാം റാങ്കിലേക്ക് കയറിയത്.
116 പോയിന്റാണ് ആസ്ട്രേലിയയ്ക്കുള്ളത്. മൂന്നാമതുള്ള ഇന്ത്യയ്ക്ക് 114 പോയിന്റും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയശതമാനത്തിൽ മൂന്നാം സ്ഥാനത്താണ് കിവീസ്.ആസ്ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.
ഐ.സി.സി ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ വിരാട് കൊഹ്‌ലിയെയും സ്റ്റീവ് സ്മിത്തിനെയും പിന്തള്ളി കേൻ വില്യംസൺ ഒന്നാം റാങ്കിലുണ്ട്. കഴിഞ്ഞ ആറ് ഇന്നിംഗ്സുകളിൽ മൂന്ന് സെഞ്ച്വറികളും രണ്ട് ഇരട്ട സെഞ്ച്വറികളും വില്യംസൺ നേടിയിരുന്നു.