ഹോങ്കോംഗ്: ഹോങ്കോംഗിൽ ഇന്നലെ പുലർച്ചെ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതിപക്ഷ നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂണിൽ നടപ്പാക്കിയ വിവാദ സുരക്ഷ നിയമം അനുസരിച്ചാണ് അറസ്റ്റുകൾ.ജനാധിപത്യ കക്ഷികൾ തിരഞ്ഞെടുപ്പിലെ അവരുടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലായിൽ നടത്തിയ പ്രാഥമിക തിരഞ്ഞെടുപ്പുകളുടെ പേരിലാണ് വ്യാപക അറസ്റ്റ്. അട്ടിമറി ശ്രമം ആരോപിച്ചാണ് ഹോങ്കോംഗിലെ പ്രതിപക്ഷ നേതാക്കളെ ചൈന വേട്ടയാടുന്നത്.
ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. ദേശീയ സുരക്ഷ നിയമം അനുസരിച്ച് പ്രാഥമിക തിരഞ്ഞെടുപ്പ് നടത്തിയത് കുറ്റകരമാണെന്നാണ് ഹോങ്കോംഗ് സർക്കാരും ചൈനയും പറയുന്നത്.
പ്രാഥമിക തെരഞ്ഞെടുപ്പിൽ ജനാധിപത്യ കക്ഷിക്കായി മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളും അറസ്റ്റിലായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ..