വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ജോർജിയയിൽ രണ്ട് സീറ്റുകളിലേക്ക് നടന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വാർനോക്കിന് ജയം. ജോർജിയയിൽ ആദ്യമായാണ് ഒരു കറുത്ത വംശജൻ സെനറ്ററാകുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ കെല്ലി ലോഫ്ലറിനെയാണ് റാഫേൽ പരാജയപ്പെടുത്തിയത്. എബനേസർ ബാപ്റ്റിസ്റ്റ് ചർച്ചിൽ പാസ്റ്ററാണ് 51കാരനായ റാഫേൽ. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോൻ ഓസോഫും റിബ്ലിക്കനായ ഡേവിഡ് പെർഡ്യൂവും മത്സരംരഗത്തുണ്ട്. ഇവരുടെ മത്സരഫലം രാത്രി വൈകിയും പ്രഖ്യാപിച്ചിട്ടില്ല. ഓസോഫ് ജയിക്കുകയാണെങ്കിൽ കോൺഗ്രസിന്റെ മുഴുവൻ നിയന്ത്രണവും ഡെമോക്രാറ്റ്സിന് ലഭിക്കും. ഇത് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കൂടുതൽ ശക്തി പകരും.
ട്രംപിന്റെ ചരടുവലികൾ
അതേസമയം, വോട്ടെടുപ്പിൽ കൃതൃമം നടന്നെന്ന് ആരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനമൊഴിയാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, അധികാര കൈമാറ്റം സുഗമമായി നടക്കാതിരിക്കാനുള്ള വഴികൾ ട്രംപ് തേടുന്നുണ്ടെന്നാണ് വിവരം. ഇലക്ടറൽ വോട്ടെണ്ണുന്ന യു.എസ് കോൺഗ്രസ്സിൽ അദ്ധ്യക്ഷനാകുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ ട്രംപ് ഫോൺ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ടുണ്ട്. ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ച പെൻസ് സെനറ്റർ ടെഡ് ക്രൂസിന്റെ നേതൃത്വത്തിലുള്ള ഒരു ഡസനോളം സെനറ്റർമാർ ഇലക്ട്രറൽ വോട്ടുകൾ തള്ളികളയണമെന്ന് ആവശ്യപ്പെട്ടതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. യോഗത്തിൽ അദ്ധ്യക്ഷനാകുന്ന വൈസ് പ്രസിഡന്റിന്റെ നിലപാട് വളരെ നിർണായകമാണെന്നിരിക്കെയാണ് പെൻസിന്റെ മനമാറ്റമെന്നതും ശ്രദ്ധേയമാണ്. അതേസമയം, പെൻസ് തന്റെ കടമ കൃത്യമായി നിർവഹിക്കുമെന്നും ട്രംപിന് അനുകൂലമായി നിലപാട് സ്വീകരിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.