വാഷിംഗ്ടൺ:പ്രശസ്ത അമേരിക്കൻ സൂപ്പർ മോഡലും ടെലിവിഷൻ താരവുമായ കിം കർദാഷിയാൻ ഗായകൻ കാന്യേ വെസ്റ്റുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങുന്നതായി അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2014 ലായിരുന്നു ഇവരുടെ വിവാഹം. കിം വിവാഹമോചനത്തിന് ഒരുങ്ങുന്നെന്ന വിവരം കാന്യേയ്ക്ക് അറിയാമെന്നും ഭാവിയെക്കുറിച്ചു തനിച്ചു തീരുമാനിക്കണമെന്നും അതിന് കുറച്ചു സമയം വേണമെന്നും അക്കാലം ഒറ്റയ്ക്കു ചെലവിടാനാണ് ആഗ്രഹിക്കുന്നതെന്നും കിം കാന്യേയോട് പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. അതനുസരിച്ച് കാന്യേയും ഒരുക്കം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
വിവാഹമോചനത്തിൽ കാന്യേയ്ക്ക് വിഷമമുണ്ടെന്നും എന്നാലും തീരുമാനം അംഗീകരിക്കുമെന്ന് കാന്യേ പറഞ്ഞെന്നുമാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതായി ആഗ്രഹിക്കുന്നതായി കാന്യേ വെളിപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ അദ്ദേഹം ട്വിറ്റർ വഴി പരസ്യപ്പെടുത്തിയതും പ്രശ്നങ്ങൾ രൂക്ഷമാക്കി.
കഴിഞ്ഞ വർഷം സെപ്തംബറിൽ കാന്യേ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയതോടെ ഇനി ഒരു ദിവസം പോലും ഒരുമിച്ചു ജീവിക്കുന്നില്ല എന്ന് കിം തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ.
ഏഴു വർഷം നീണ്ടുനിന്ന വിവാഹത്തിൽ ദമ്പതികൾക്ക് നാലു മക്കളുണ്ട്. ഇവരുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുത്താൽ അധികം വൈകാതെ വിവാഹ മോചന വാർത്ത പുറത്തുവിടാനാണു സാദ്ധ്യതയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.