crime

ലക്‌നൗവ്: ഉത്തർപ്രദേശിൽ പൂജാരിയും രണ്ട് ശിഷ്യൻമാരും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ അമ്പതുകാരി കൊല്ലപ്പെട്ടു.പശ്ചിമ യു.പിയിലെ ബുഡാൻ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ
രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.

ശനിയാഴ്‌ച വെെകിട്ട് അഞ്ച് മണിയോടെ ആരാധനാലയത്തിലേക്ക് പോയ സ്‌ത്രിയെ രാത്രി പതിനൊന്ന് മണിയോടെ പുജാരിയും ശിഷ്യൻമാരും വാഹനത്തിൽ വീടിന് മുന്നിൽ തള്ളിയിട്ട് പോവുകയായിരുന്നുവെന്ന് സ്‌ത്രിയുടെ മകൻ പറയുന്നു. അപ്പോൾ തന്നെ സ്‌ത്രി മരണപ്പെട്ടിരുന്നതായും പൊലീസിന് നൽകിയ മൊഴിയിൽ ഇയാൾ പറഞ്ഞു.

അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബലാത്സംഗം നടന്നതിന് തെളിവ് ലഭിച്ചതായും പോസ്റ്റ്‌മോർട്ടം നടത്തിയ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. യശ്പാൽ സിംഗ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും ബുഡാൻ പൊലീസ് അറിയിച്ചു.