ന്യൂഡൽഹി : പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരളത്തിന് പുറമെ രാജസ്ഥാൻ , ഹിമാചൽ, ഗുജറാത്ത്, ഹരിയാന, മദ്ധ്യപ്രദേശ്, ഉത്തരഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴു സംസ്ഥാനങ്ങളിലായി പനി പടരുന്ന 12 പ്രധാന സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളിൽ രാജ്യത്ത് ലക്ഷക്കണക്കിന് പക്ഷികൾ ചത്തതായാണ് കണക്ക്. ഇതിൽ കൂടുതലും ദേശാടന പക്ഷികളാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡൽഹിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
മദ്ധ്യപ്രദേശിലും പക്ഷിപ്പനിയുള്ളതായി സ്ഥിരീകരിച്ചു. കാക്കകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന് എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ജീവഹാനി സംഭവിക്കുന്ന വന്യ മൃഗങ്ങളുടെ കണക്ക് അറിയിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും നിർദേശിച്ചു. ആശങ്കപ്പെടേണ്ടെന്നും എന്നാൽ മുട്ടയും ഇറച്ചിയും നന്നായി പാചകം ചെയ്ത ശേഷമേ കഴിക്കാവൂ എന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് അറിയിച്ചു.
പക്ഷിപ്പനിയെ തുടർന്ന് പല സംസ്ഥാനങ്ങളിലും ഇറച്ചിയും മുട്ടയും വിൽക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങൾ അതിർത്തികളിൽ പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്.