sport

കായിക മത്സരങ്ങളും പരിശീലനങ്ങളും ആരംഭിക്കാൻ മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സ്പോർട്സ് കൗൺസിൽ

തിരുവനന്തപുരം : സർക്കാർ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും സംസ്ഥാനത്ത് കായിക പരിശീലനവും മത്സരങ്ങളും പുനരാരംഭിക്കാൻ വേണ്ട നടപടികളൊന്നും സ്വീകരിക്കാതിരുന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒടുവിൽ അതിനുള്ള നീക്കങ്ങൾ ആരംഭിച്ചു.കൗൺസിലിന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് കേരളകൗമുദി ജനുവരി ഒന്നിന് റിപ്പോർട്ട് ചെയ്തിരുന്നു.

മാസങ്ങൾക്ക് മുമ്പുതന്നെ കേന്ദ്ര സർക്കാർ കായിക പരിശീലനം പുനരാരംഭിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു.എന്നാൽ സംസ്ഥാനത്ത് കായികപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട സ്പോർട്സ് കൗൺസിൽ ഇക്കാര്യത്തിൽ തികച്ചും നിഷ്ക്രിയമായ നിലപാടാണ് എടുത്തത്. അതിനാൽ ആരോഗ്യവകുപ്പും ചീഫ് സെക്രട്ടറിയും കായികരംഗത്തെ പരിഗണിച്ചുമില്ല. കേരളകൗമുദി വാർത്ത പുറത്തുവന്നതോടെ ജനുവരി അഞ്ചുമുതൽ നീന്തൽ ഉൾപ്പടെയുള്ള കായിക പരിശീലനം പുനരാരംഭിക്കുവാൻ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അനുമതി നൽകി.

തുടർന്നാണ് മത്സരങ്ങളും സെലക്ഷൻ ട്രയൽസും ഉൾപ്പടെ നടത്താനുള്ള മാർഗനിർദ്ദേശങ്ങൾ കൗൺസിൽ കായിക അസോസിയേഷനുകൾക്ക് അയച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ,കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇവ സംഘടിപ്പിക്കാനാണ് അസോസിയേഷനുകൾക്ക് കൗൺസിൽ അനുമതി നൽകിയത്. സ്പോർട്സ് ഹോസ്റ്റലുകൾ തുറക്കുന്നതിനായി മറ്റു ജില്ലകളിൽ വിന്യസിക്കപ്പെട്ടിരുന്ന പരിശീലകരെ അതത് ഹോസ്റ്റലുകളിലേക്ക് തിരികെയെത്താനും ഉത്തരവിട്ടു.

അതേസമയം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകിയത് സെക്രട്ടറിയുടെ തലയിൽ കെട്ടിവച്ച് കൈകഴുകാനുള്ള പ്രസിഡന്റിന്റെ നീക്കത്തിനെതിരെ കൗൺസിലിനുള്ളിൽ അടുത്ത അമർഷം പുകയുകയാണ്.

ഗുസ്തിപിടിച്ച് തുടക്കം

ഇന്നലെ സംസ്ഥാന റെസ്‌ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള റെസ്‌ലിംഗ് സെലക്ഷൻ ട്രയൽസോടെയാണ് കായികമത്സരങ്ങളുടെ തിരിച്ചുവരവ് നടന്നത്. കുട്ടനെല്ലൂരിൽ പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു മത്സരങ്ങൾ. ക‌ുത്ത നിയന്ത്രണങ്ങളോടെ വളരെ കുറച്ചുമത്സരങ്ങൾ മാത്രമാണ് നടപ്പാക്കിയതെന്നും ജില്ല ഭരണകൂടത്തിന്റെ അനുമതി വാങ്ങിയാണ് മത്സരം സംഘടിപ്പിച്ചതെന്നും സംസ്ഥാന റെസ്‌ലിംഗ് അസോസിയേഷൻ പ്രസിഡന്റ് വി.എൻ പ്രസൂദ് കേരളകൗമുദിയോട് പറഞ്ഞു.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അത്‌ലറ്റിക്സ്,ടേബിൾ ടെന്നിസ് സെലക്ഷൻ ട്രയൽസുകൾ നടക്കും.