ratan-tata

മുംബയ്: രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ കൊവിഡ് പശ്ചാത്തലത്തിലും പുനൈയിലെത്തിയ 83 കാരനായ വ്യവസായി രത്തൻ ടാറ്റയെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ് സോഷ്യൽമീഡിയ. ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം ലിങ്ക്ഡ് ഇന്നിൽ പങ്കുവച്ചതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്.

ജീവനക്കാരൻ രണ്ടുവർഷമായി രോഗബാധിതനാണെന്നും വീട്ടിൽ കഴിയുകയാണെന്നും അറിഞ്ഞതോടെയാണ് പുനൈയിലെ ഫ്രണ്ട്സ് സൊസൈറ്റിയിലുളള ജീവനക്കാരന്റെ വസതിയിലെത്തി അദ്ദേഹത്തെ കാണാൻ രത്തൻ ടാറ്റ തീരുമാനിക്കുന്നത്. മുംബയിൽ നിന്നും വെള്ളിയാഴ്ചയാണ് അദ്ദേഹം ഇവിടെ എത്തിയത്.

'രത്തൻ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ബിസിനസുകാരൻ. കഴിഞ്ഞ രണ്ടുവർഷമായി അസുഖബാധിതനായ മുൻ ജീവനക്കാരനെ സന്ദർശിക്കുന്നതിനായി പുനൈയിലെ പ്രണ്ട്സ് സൊസൈറ്റിയിൽ എത്തി. മാദ്ധ്യമങ്ങളില്ല, സുരക്ഷാജീവനക്കാരില്ല. ഉള്ളത് വിശ്വസ്തനായ ജീവനക്കാരനോടുളള പ്രതിജ്ഞാബദ്ധത മാത്രം. പണമല്ല എല്ലാമെന്ന് സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഏറ്റവും വലുത് നല്ലൊരു മനുഷ്യനായിരിക്കുക എന്നുളളതാണ്. അങ്ങയുടെ മുന്നിൽ ബഹുമാനത്താൽ ഞാൻ എന്റെ ശിരസ് കുനിക്കുകയാണ്.' -ജീവനക്കാരനുമായി സംസാരിക്കുന്ന രത്തൻടാറ്റയുടെ ചിത്രം പങ്കുവച്ചുകൊണ്ട് യോഗേഷ് കുറിച്ചു.

യോഗേഷിന്റെ കുറിപ്പ് വളരെ പെട്ടെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായത്. നിരവധിപ്പേർ രത്തൻ ടാറ്റയെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്ത് രംഗത്തെത്തി.