love-jihad-

ന്യൂഡൽഹി: വിവാഹത്തിനായുള്ള നിർബന്ധിത മത പരിവർത്തനത്തിനെതിരെ ഉത്തർ പ്രദേശ്,​ ഉത്തരഖണ്ഡ് സംസ്ഥാനങ്ങൾ കൊണ്ടുവന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് ഇരുസംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസയച്ചു. എന്നാൽ നിയമങ്ങൾ സ്റ്റേ ചെയ്യാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.

ഉത്തർപ്രദേശ് സർക്കാരിന്റെ നിയമവിരുദ്ധ മതപരിവർ‌ത്തന ഓർഡിനൻസ്,​ ഉത്തരഖണ്ഡിലെ മതസ്വാതന്ത്ര്യ നിയമ എന്നിവയ്ക്കെതിരെയുള്ള ഹർജികളാണ് പരിഗണിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ സമാനമായ നിയമം കൊണ്ടുവരുന്നുണ്ടെന്നും സുപ്രീംകോടതി പരിശോധിക്കണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി യു സിംഗ് ആവശ്യപ്പെട്ടു. ഈ നിയമങ്ങളിലെ ചില വ്യവസ്ഥകൾ അടിച്ചമർത്തുന്നതും ഭയം ജനിപ്പിക്കുന്നതുമാണ്. വിവാഹം കഴിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും പറയുന്നു. അത് തികച്ചും നിന്ദ്യമാണെന്നും സിംഗ് കൂട്ടിച്ചേർത്തു. ഈ ഘട്ടത്തിലാണ് നിയമം പരിശോധിക്കാമെന്നും രണ്ട് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞത്. നാലാഴ്ചക്കുള്ളിൽ സംസ്ഥാനങ്ങളോട് മറുപടി നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്.