ന്യൂഡൽഹി:പശുവിൻ പാലിൽ സ്വർണ്ണത്തിന്റെ അംശമുണ്ടെന്നും പശുക്കളെ കശാപ്പ് ചെയ്യുന്നത്
ഭൂകമ്പം പോലെയുള്ള ദുരന്തങ്ങൾക്ക് കാരണമാകുമെന്നും ഗോക്ഷേമ ദേശീയ സംഘടന പുറത്തിറക്കിയ സിലബസിൽ പറയുന്നു. ഗോസുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി നടത്താൻ പോകുന്ന ഓൺലെെൻ പരീക്ഷയുടെ സിലബസിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
കാലാകാലങ്ങളായി നിരവധി ഗോക്കളെ കശാപ്പ് ചെയ്യുന്നു. ഇത്തരത്തിൽ മരണപ്പെടുന്ന ഗോക്കളിൽ നിന്നും വേദനാജനകമായ തരംഗങ്ങൾ പുറപ്പെടുന്നു. ഇത് ഭൂമികുലുക്കത്തിനും പ്രളയങ്ങൾക്കും കാരണമാകുമെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ സിലബസിൽ പറയുന്നത്.
1984ൽ ഭോപ്പാൽ വാതക ചോർച്ച മൂലം രണ്ടായിരത്തിലധികം പേർ മരിച്ചു.എന്നാൽ ചാണകം പൊതിഞ്ഞ മതിൽകെട്ടുള്ള വീടുകളിൽ താമസിച്ചവരെ ഇത് ബാധിച്ചിട്ടില്ലെന്നും സിലബസിൽ ചൂണ്ടിക്കാട്ടുന്നു. സാധാരണ പശുക്കൾ വൃത്തി ഹീനമായ സ്ഥലങ്ങളിൽ നിൽക്കില്ലെന്നും എന്നാൽ ജെഴ്‌സി പശുവും വൃത്തി ഹീനമാണെന്നും ഇക്കാരണത്താൽ രോഗബാധയ്ക്ക് ഏറെ സാദ്ധ്യതയുണ്ടെന്നും സിലബസിൽ പറയുന്നു.
സിലബസ് പ്രകാരം ശരിയായ ഉത്തരം നൽകി വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ഗോവിദഗ്‌ദ്ധ സർട്ടിഫിക്കറ്റ് നൽകുമെന്നും അധികൃതർ അറിയിച്ചു.