സിദ്ധിഖ് സംവിധാനം ചെയ്ത ഹിറ്റ്ലർ സിനിമയിൽ മമ്മൂട്ടിയുടെ അഞ്ച് സഹോദരിമാരിൽ ഒരാൾ, പിൻഗാമിയിൽ മോഹൻലാലിന്റെ സഹോദരി. മലയാളത്തിലെ എക്കാലത്തെയും മാസും ക്ളാസുമായ ദേവാസുരത്തിൽ രേവതിയുടെ അനുജത്തിവേഷം. രേവതി അവതരിപ്പിച്ച ഭാനുമതിയുടെ അനുജത്തി ശാരദയെ അത്ര പെട്ടെന്ന് മലയാളി മറക്കില്ല. ശാരദയെ അവതരിപ്പിച്ച സീതയെയും.
തെലുങ്കിൽ ബാലതാരമായി അഭിനയിച്ചാണ് സീതയുടെ രംഗപ്രവേശം. തുടർന്ന് തമിഴിലും മലയാളത്തിലും ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വർഷങ്ങൾക്കുശേഷം ശുദ്ധമദ്ദളം, ജനം, ഭാര്യ, കുടുംബവിശേഷം, വരണമാല്യം, ദാദ, സർഗവസന്തം, കർപ്പൂരദീപം, നിർണയം, വർണപ്പകിട്ട് തുടങ്ങിയ സിനിമകളിൽ കണ്ടു. ആ വരവിന്റെ തുടക്കത്തിലാണ് ദേവാസുരത്തിൽ അഭിനയിക്കുന്നത്. നായികയായും ചില സിനിമകൾ. സീതയുടെ മുഖത്ത് എപ്പോഴും മലയാളിപെൺകുട്ടിയുടെ ഭാവം തോന്നിപ്പിക്കും. വേഷത്തിലും അതു പ്രകടം. ഒരു ദിവസം പെട്ടെന്ന് സീത സിനിമയിൽ നിന്ന് അപ്രത്യക്ഷയായി. അന്വേഷിച്ചവർക്ക് ഒരു വിവരവും ലഭിച്ചില്ല.
എന്നാൽ സീത ഇപ്പോൾ ചെന്നൈയിലുണ്ട്. അബ്ദുൾ ഖാദർ എന്ന ചെന്നൈക്കാരനെ വിവാഹം കഴിച്ച് ഇസ്ളാം മതം സ്വീകരിച്ചു കുടുംബിനിയായി കഴിയുന്നു. പേര് യാസ്മിൻ.വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി ഞാനും സുന്ദരി നീയും സീരിയലിൽ അഭിനയിക്കുന്നുണ്ട്. സത്യ എന്ന തമിഴ് സീരിയലിലാണ് ഒടുവിൽ അഭിനയിച്ചത്.
സീത ഇസ്ളാം മതം സ്വീകരിച്ചതും അബ്ദുൾഖാദറിന്റെ മറുപാതിയായതും മലയാളി അറിഞ്ഞില്ല?
ചെന്നൈ തായ് സത്യ മെട്രിക്കുലേഷൻ സ്കൂളിൽ ഒരേ സ്കൂളിൽ ഒരേ വർഷം പഠിച്ചവരാണ് ഞങ്ങൾ. എന്നാൽ പഠനശേഷം പരസ്പരം കണ്ടില്ല. നാലുവർഷം മുൻപാണ് പിന്നീട് കാണുന്നത്. ഇഷ്ടം ഞങ്ങൾ രണ്ടുപേരുടെയും ഉള്ളിലുണ്ട്. എന്നാൽ പ്രണയമല്ല. എന്റെ വീട്ടുകാരുടെ എതിർപ്പ് മാറിയതോടെ മൂന്നുവർഷം മുൻപ് വിവാഹം .ഭർത്താവിന്റെ മതത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹംവിവാഹത്തിന് മുൻപേ തോന്നി. അങ്ങനെയാണ് ഇസ്ളാം മതം സ്വീകരിക്കുന്നത്. ഭർത്താവ് ഫിനാൻസ് രംഗത്ത് പ്രവർത്തിക്കുന്നു. വീട്ടുകാർക്ക് ഞാൻ യാസ്മിൻ. അഭിനയരംഗത്ത് സീത എന്ന പേരിൽ തന്നെ അറിയപ്പെടാനാണ് ആഗ്രഹം.ആ പേര് ഒരിക്കലും മാറില്ല.
അഭിനയം എങ്ങനെയാണ് മുൻപിൽ വഴി തുറന്നത്?
അച്ഛൻ ആർ. രാധാകൃഷ്ണൻ ചെന്നൈയിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. അമ്മ വനജ. സഹോദരൻ രവികുമാർ. ഞങ്ങൾ തെലുങ്ക് ബ്രാഹ്മണരാണ്. എനിക്ക് മൂന്ന് വയസുള്ളപ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞു.എന്നെയും സഹോദരനെയും അമ്മ വീട്ടിലേക്ക് കൊണ്ടുപോയി. അമ്മയ്ക്ക് ജോലിയില്ല. ബന്ധാലു അനു ബന്ധാലു എന്ന തെലുങ്ക് ചിത്രത്തിൽ ബാലതാരമായി അഭിനയിക്കാൻ അവസരമുണ്ടെന്ന് അമ്മൂമ്മ പറഞ്ഞു.അമ്മൂമ്മയോട് ആരോ പറഞ്ഞതാണ് ഈ വിവരം.അതാണ് എന്റെ ആദ്യ സിനിമ.കുടുംബം പോറ്റാൻ ഞാൻ സിനിമയിൽ അഭിനയിക്കുന്നുവെന്ന് ആ പ്രായത്തിൽ അറിയില്ലായിരുന്നു. ശോഭൻ ബാബുവിന്റെയും ലക്ഷ്മി ആന്റിയുടെയും മകളുടെ വേഷമായിരുന്നു ആ സിനിമയിൽ. ലക്ഷ്മി ആന്റി ആണ് എന്നെ കാസ്റ്റ് ചെയ്തത്. തമിഴിൽ സാക്ഷിയിൽ വിജയകാന്തിന്റെ മകളുടെ വേഷം. കന്നടയിൽ കെ. ബാലചന്ദർ സാറിന്റെ മുകിലൈ മല്ലികയിൽ സരിത ആന്റിയുടെ മകളുടെ വേഷം. എസ്. എ ചന്ദ്രശേഖർ സംവിധാനം ചെയ്ത വസന്തരാഗം എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. ഒപ്പം അഭിനയിച്ച ബാലതാരം ഇന്ന് പ്രശസ്തൻ. ഇളയദളപതി വിജയ്. മലയാളത്തിൽ കൃഷ്ണ ഗുരുവായൂരപ്പാ ആണ് ബാലതാരമായി അഭിനയിച്ച ആദ്യ സിനിമ. ബേബി ശാലിനിയോടൊപ്പം. ഓണത്തുമ്പിക്ക് ഒരൂഞ്ഞാലിൽ ഭരത് ഗോപി അങ്കിളിന്റെ മകളായി അഭിനയിച്ചു. ലാലേട്ടന്റെ ഉണരൂവിലും ബാലതാരം.വളർന്നതിനുശേഷം ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദേവാസുരം. എന്റെ നൃത്ത ഗുരു ശ്യാമളയും സീമ ആന്റിയും സുഹൃ ത്തുക്കളാണ്. സീമ ആന്റിയാണ് ശശി സാറിന്റെ അടുത്ത് പേര് നിർദ്ദേശിക്കുന്നത്. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ് ദേവാസുരത്തിൽ അഭിനയിക്കുന്നത്.
സഹോദരി വേഷങ്ങളിൽ തിളങ്ങിയെങ്കിലും നായികയായി ശ്രദ്ധിക്കപ്പെടാൻ കഴിയാതെ പോയിയല്ലേ?
ആ സമയത്ത് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ അറിയില്ലായിരുന്നു. വന്നവയെല്ലാം സ്വീകരിച്ചു. അമ്മയായിരുന്നു എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്നാൽ സഹോദരി വേഷങ്ങളെല്ലാം മികച്ചതായിരുന്നു. സഹോദരി വേഷങ്ങളിൽ അഭിനയിച്ചതുകൊണ്ടാവാം നായികയായി കൂടുതൽ ചിത്രങ്ങളിലേക്ക് വിളിക്കാതിരുന്നതെന്ന് കരുതുന്നു.ഹിന്ദിയിൽ ജിതേന്ദ്രയുടെ ദോസ് , തെലുങ്കിൽ വജ്രായുധ.നാഗാർജ്ജുനയുടെ സഹോദരി വേഷം. തമിഴിൽ വ്യാപാരി. എസ്. ജെ സൂര്യയുടെ സഹോദരി. എല്ലാം നല്ല കഥാപാത്രങ്ങൾ. പ്രിയങ്ക, വിഘ്നേശ്വർ, ജമ്മീൻകോട്ടൈ എന്നീ തമിഴ് ചിത്രങ്ങളാണ് പ്രിയപ്പെട്ടത്.സിനിമയിൽ തിരക്കേറിയതിനാൽ ഒൻപതാം ക്ളാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നു. പഠിക്കാൻ കഴിയാതെ പോയതിൽ വിഷമമുണ്ട്. അഭിനയ ജീവിതം ഏറെ സന്തോഷം തരുന്നു. അതിലൂടെ ദുഃഖത്തെ മറക്കാൻ ശ്രമിക്കുന്നു.പത്തു വർഷം മുൻപ് അമ്മ മരിച്ചു.എന്നും അത് ഒരു വേദനത്തന്നെയായിരിക്കും.
ഒരു ദിവസം സിനിമയിൽ നിന്ന് അപ്രത്യക്ഷമായല്ലേ?
ഹിറ്റ്ലർ കഴിഞ്ഞു തെലുഗോടു എന്ന തെലുങ്ക് ചിത്രം ചെയ്തു. കർപ്പൂരദീപത്തിലാണ് മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്. അതിനുശേഷം അവസരങ്ങൾ വന്നില്ല. സിനിമ ലഭിക്കാത്തതിനാൽ മാറിനിന്നു. അപ്പോൾ തമിഴ് സീരിയലിൽ നിന്ന് അവസരങ്ങൾ വന്നു. തെലുങ്ക്, തമിഴ്, മലയാളം , ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചെങ്കിലും ഏറ്റവും പ്രിയം മലയാളം തന്നെ. എനിക്ക് ജീവിതം തന്നത് മലയാള സിനിമയാണ്. ഇരുപത്തിയേഴുവർഷം മുൻപാണ് ദേവാസുരം ചെയ്തതെങ്കിലും മലയാളികൾ ആ സിനിമയേയും അതിലെ കഥാപാത്രങ്ങ ളെയും മറന്നില്ല. വീണ്ടും മലയാളത്തിൽ അഭിനയിക്കണം. മികച്ച കഥാപാത്രത്തിലൂടെ എത്താനാണ് ആഗ്രഹം.എന്നെ കണ്ടു മലയാളിയാണോ എന്നു ചോദിച്ച മലയാളികളുണ്ട്. കാഴ്ചയിൽ എവിടെയോ മലയാളി ഛായ.