ഹൈദരാബാദ് : ഭൂമി തർക്കത്തെത്തുടർന്ന് സഹോദരങ്ങളെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ തെലുങ്കു ദേശം പാർട്ടി മുൻ മന്ത്രി അറസ്റ്റിൽ. ഭുമ അഖില പ്രിയയെയാണു ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോയവരിൽ മുൻ ഹോക്കി താരം പ്രവീൺ റാവുവും ഉൾപ്പെടുന്നു. ഭുമയുടെ ഭർത്താവ് ഭാർഗവ് റാം, പിതാവും മുതിർന്ന ടി.ഡി.പി അംഗവുമായ ഭുമ നാഗി, റെഡ്ഡിയുടെ അടുത്ത അനുയായി എ.വി.സുബ്ബ റെഡ്ഡി എന്നിവർക്കെതിരെയും കേസുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് ഏഴോടെ ഹൈദരാബാദിലെ വീട്ടിലെത്തിയ 10-15 അംഗ സംഘമാണ് ആദായനികുതി ഉദ്യോഗസ്ഥരെന്ന പേരിലെത്തി കൈവശം വാറണ്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നുപേരെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങളിലെത്തിയ സംഘം മറ്റു കുടുംബാംഗങ്ങളെ മുറികളിൽ പൂട്ടിയിട്ടു. സംഘത്തെ പിന്തുടർന്നു പുലർച്ചെ മൂന്നോടെയാണു സഹോദരങ്ങളെ പൊലീസ് രക്ഷപ്പെടുത്തിയത്. 200 കോടി രൂപ വിലമതിക്കുന്ന 50 ഏക്കർ സ്ഥലവുമായി ബന്ധപ്പെട്ട് വളരെക്കാലമായി ഇവർ തമ്മിൽ തർക്കം നില നിന്നിരുന്നു.