തിരുവനന്തപുരം: സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കത്തിന് തടയിട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഓഫീസ്. അയ്യപ്പനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകണമെങ്കിൽ സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകി. ഇന്ന് വൈകിട്ടാണ് നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ കസ്റ്റംസിന് കത്തു നൽകിയത് .
സ്പീക്കർക്ക് പരമാധികാരമുള്ള വിഷയങ്ങളുണ്ട്. അതിനാൽ നിയമസഭ സെക്രട്ടേറിയേറ്റിന്റെ പരിധിയിൽ വരുന്ന ഒരാളെ ചോദ്യം ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ സെക്രട്ടേറിയറ്റിന്റെ പരിധിയിൽ വരുന്നയാളാണ് അയ്യപ്പൻ.
അയ്യപ്പനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഇന്ന് രണ്ടാമത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിയമസഭാതിരക്ക് കാരണം വരാൻ കഴിയില്ല എന്നായിരുന്നു അയ്യപ്പൻ മറുപടി നൽകിയത്.