ന്യൂഡല്‍ഹി: സംസ്ഥാനത്തെ സിനിമ തിയേറ്ററുകളിൽ മുഴുവന്‍ സീറ്റുകളിലും ആളെ അനുവദിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ.അമ്പത് ശതമാനം ആളുകൾക്ക് മാത്രമെ കൊട്ടകയ്ക്കുള്ളിൽ പ്രവേശനം അനുവദിക്കാവുവെന്നും തീരുമാനം പിൻവലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു.
കൊവിഡ് കേസുകളിൽ കുറവു വന്നതോടെ ലോക്‌ഡൗൺ ഇളവുകളുടെ ഭാഗമായി രാജ്യത്ത് തിയേറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. അമ്പത് ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം തിയേറ്ററുകൾ തുറക്കാനെന്നായിരുന്നു നിർദ്ദേശം.
കഴിഞ്ഞദിവസമാണ് ഈ തീരുമാനത്തിന് ഇളവ് നല്‍കി തമിഴ്‌നാട്ടിലെ സിനിമ തിയേറ്ററുകളില്‍
മുഴുവൻ ആളുകളെയും പ്രവേശിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടൽ.സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഒരു തരത്തിലും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കരുതെന്നും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.