dileep-latest

കൊച്ചി: നീണ്ടഇടവേളയ‌്ക്ക് ശേഷം നടൻ ദിലീപ് സംഘടനാചുമതലകളിൽ സജീവമാകുന്നു. ഇന്ന് കൊച്ചിയിൽ നടന്ന ഫിലിം ചേംബറും തിയേറ്റർ ഉടമകളും തമ്മിലുള്ള ചർച്ചയിൽ ദിലീപ് പങ്കെടുത്തു. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനായാണ് ചെയർമാനായ ദിലീപ് തന്നെയെത്തിയത്.

കൊവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കില്ലെന്ന് ഫിലിം ചേംബർ നിലപാടെടുത്തു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ നൽകിയ നിവേദനത്തിൽ തീരുമാനമുണ്ടാകണമെന്നും ചേംബർ അഭ്യർത്ഥിച്ചു. എന്നാൽ തിയേറ്ററുടമകളും നിർമാതാക്കളും വിതരണക്കാരുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ തിയേറ്റർ തുറക്കാതിരിക്കാൻ കാരണമല്ലെന്നും ചേംബർ വ്യക്തമാക്കി.


കൊവിഡ് കാലത്തിന് മുൻപുതന്നെ ഉയർത്തിയ പ്രശ്‌നങ്ങൾകൂടി ചൂണ്ടിക്കാട്ടിയാണ് ഫിലിം ചേംബർ തിയേറ്റർ തുറക്കാൻ കഴിയില്ലെന്ന് അറിയിച്ചത്. ജിഎസ്ടിക്ക് പുറമെ സിനിമ ടിക്കറ്റിൽ ഏർപ്പെടുത്തിയ വിനോദനികുതി പിൻവലിക്കണമെന്ന ആ പഴയ ആവശ്യത്തിന് പുറമെ തിയറ്ററുകൾ അടച്ചിട്ട കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാർജിൽ ഇളവ് വേണമെന്നും ചേംബർ ആവർത്തിച്ചു. അമ്പതു ശതമാനം സീറ്റിൽ മാത്രം പ്രവേശനം നടത്തി സിനിമ പ്രദർശിപ്പിക്കാനാകില്ല. തിയേറ്ററുകൾ തുറക്കാത്തത് സർക്കാരിനെതിരായ പ്രതിഷേധമല്ലെന്നും ചേംബർ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ താരസംഘടനയായ 'അമ്മ'യിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഫിയോക്കിന്റെ ചെയർമാൻ സ്ഥാനത്ത് ദിലീപ് തുടരുകയായിരുന്നു.