kim-jong-un

സിയോൾ: രാജ്യം വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് വ്യക്തമാക്കി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക പദ്ധതികള്‍ എല്ലാ മേഖലയിലും പരാജയമായെന്ന് കിം പറഞ്ഞു. പാർട്ടി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്റ്റേറ്റ് മീ‌ഡിയ കെ.സി.എൻ.എയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്.

"രാജ്യത്തെ എല്ലാ മേഖലകളിലും വൻ തകർച്ചയും സാമ്പത്തിക പ്രതിസന്ധിയുമാണ് നേരിടുന്നത്. എല്ലാ മേഖലകളിലും ലക്ഷ്യം നേടുന്നതിൽ പഞ്ചവത്സര സാമ്പത്തിക പദ്ധതി പരാജയപ്പെട്ടു."യോഗത്തിൽ കിം പറഞ്ഞു. 250 പാർട്ടി എക്സിക്യൂട്ടീവുകളും 4,750 പ്രതിനിധികളും 2000 കാണികളും യോഗത്തിൽ പങ്കെടുത്തു.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കിം പറയുന്നത്. എന്നാൽ കൊവിഡിനെ ഭയന്ന് രാജ്യത്തിന്റെ അതിർത്തികൾ അടച്ചിട്ടത് തിരിച്ചടി ആയി എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന കിംമ്മിന്റെ വെളിപ്പെടുത്തൽ.