തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേമം എം.എൽ.എ ഒ.രാജഗോപാൽ അറിയിച്ചതിന് പിന്നാലെ തിരക്കിട്ട നീക്കവുമായി ബി.ജെ.പി. നേമത്ത് ഏറെ വിജയ സാദ്ധ്യതയുള്ള നേതാവിനെ നിറുത്തുകയെന്നതാണ് ബി.ജെ.പി നേരിടുന്ന വെല്ലുവിളി. ഇതിനായി
മിസോറാം മുൻ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഇറക്കാനാണ് ബി.ജെ.പി ആലോചിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇതിന്റെ ഭാഗമായി കുമ്മനത്തിന് വേണ്ടി നേമത്ത് വീട് വാടകയ്‌ക്കെടുത്തിരിക്കുകയാണ് പാർട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാതിരുന്ന കുമ്മനത്തോട് വീണ്ടും നേമത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. തീരുമാനമായ സ്ഥാനാര്‍ത്ഥികളോട് അതത് മണ്ഡലങ്ങളില്‍ വാടകയ്ക്ക് താമസസ്ഥലം തയ്യാറാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് കുമ്മനത്തിനുവേണ്ടിയും വാടകയ്ക്ക് വീട് എടുത്തിരിക്കുന്നതെന്നാണ് വിവരം.
നേമത്ത് ബി.ജെ.പിക്ക് അതീതമായി രാജഗോപാലിനുണ്ടായിരുന്ന ജനപിന്തുണ കണക്കിലെടുത്താണ് കഴിഞ്ഞ തവണ സീറ്റ് നല്‍കിയത്. രാജഗോപാലിനുള്ള ജനപിന്തുണ ജനകീയനായ കുമ്മനത്തിലൂടെ നേടിയെടുക്കാമെന്നാണ് ബി.ജെ.പിയുടെ നിലവിലെ കണക്കുകൂട്ടല്‍.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് രാജഗോപാൽ നേടിയ വിജയത്തിലൂടെയാണ് ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറന്നത്. കേരള നിയമസഭയിലെ ഏക ബി.ജെ.പി എം.എല്‍.എയാണ് അദ്ദേഹം. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു ഒ.രാജഗോപാല്‍ നിയമസഭയിലെത്തിയത്. രാജഗോപാലിനെതിരെ സി.പി.ഐ.എം കളത്തിലിറക്കിയ സിറ്റിംഗ് എം.എല്‍.എ വി ശിവന്‍കുട്ടിക്ക് 59,142 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രാജഗോപാലിന് 67,813 വോട്ടും ലഭിച്ചു.