vytila

കൊച്ചി: വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്ന് നൽകിയ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എറണാകുളം തമ്മനം സ്വദേശി ആന്റണി ആൽവിൻ, കളമശ്ശേരി സ്വദേശി സാജൻ, മട്ടാഞ്ചേരി സ്വദേശി ഷക്കീർ അലി എന്നിവരെ മരട് പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം അറസ്റ്റിലായ വി ഫോ‌ർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ, സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് വി ഫോർ കേരള ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ ശക്തി തെളിയിച്ച തങ്ങളെ ഇല്ലാതാക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്നാണ് വി ഫോർ കേരളയുടെ ആരോപണം.

ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട വൈറ്റില മേൽപ്പാലമാണ് കഴിഞ്ഞദിവസം തുറന്നുകൊടുത്തത്. അരൂർ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത്‌ സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്ത് വാഹനങ്ങൾ മേൽപാലത്തിലേക്ക് കടത്തിവിടുകയായിരുന്നു. വാഹനങ്ങൾ പാലത്തിന്റെ മറുവശത്ത് എത്തിയപ്പോൾ അവിടെ ബാരിക്കേഡുകൾ ഉണ്ടായതിനാൽ ആലുവ ഭാഗത്തേക്ക് പ്രവേശിക്കാനായില്ല. ഇത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.