തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ 'മിഷൻ 60' നടപ്പാക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇതുസംബന്ധിച്ച കർശന നിർദ്ദേശം കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നൽകി. കേരളത്തിന്റെ ചുമതലയുളള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഹൈക്കമാൻഡ് തീരുമാനം സംസ്ഥാന നേതാക്കളെ അറിയിച്ചത്.
സംസ്ഥാന നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട എഴുപത് സീറ്റുകളിൽ അറുപത് സീറ്റുകൾ കോൺഗ്രസ് ഒറ്റയ്‌ക്ക് നേടുകയാണ് ലക്ഷ്യം. ഇരുപതോളം സീറ്റുകൾ ലീഗ് നേടുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. മറ്റ് ഘടകക്ഷികൾ ചേർന്ന് പത്തോളം സീറ്റും നേടുന്നതോടെ 90 എന്ന നമ്പറിലേക്ക് മുന്നണി എത്തിച്ചേരുമെന്നാണ് ഹൈക്കമാൻഡ് കണക്കുകൂട്ടൽ. അറുപത് സീറ്റുകൾ നേടുക വഴി മുന്നണിയിൽ അപ്രമാദിത്വം ഉറപ്പിക്കാനും കോൺഗ്രസിന് കഴിയുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ കരുതുന്നത്.
വളരെയധികം ശുഭപ്രതീക്ഷ വച്ച് പുലർത്തിയിരുന്ന സംസ്ഥാനമായ കേരളത്തിലെ സാഹചര്യം പാർട്ടിക്ക് ഗുണകരമല്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന് മനസിലായത്. പ്രാദേശിക തിരഞ്ഞെടുപ്പും വ്യക്തിബന്ധവും വോട്ടുകണക്കുമൊക്കെ പറഞ്ഞ് സംസ്ഥാന നേതാക്കൾ തോൽവിയെ ന്യായീകരിക്കുന്നുണ്ടെങ്കിലും അത് വിശ്വസിക്കാൻ താരിഖ് അൻവറും സംഘവും തയ്യാറായിട്ടില്ല.
പാർട്ടി മത്സരിക്കുന്ന സീറ്റുകളിൽ ജയിക്കാൻ ഉറപ്പുളള സീറ്റുകൾ, 50:50 സാദ്ധ്യതയുളള സീറ്റുകൾ, തീരെ സാദ്ധ്യത കുറഞ്ഞ സീറ്റുകൾ എന്നിങ്ങനെ മൂന്നായി വേർതിരിക്കും. പകുതി സാദ്ധ്യത ജയത്തിലേക്കെത്തിക്കാനും തീരെ സാദ്ധ്യത കുറഞ്ഞയിടത്ത് കടുത്ത മത്സരമുണ്ടാക്കാനും എന്തൊക്കെ ചെയ്യണമെന്നതിനും പ്രത്യേക ആസൂത്രണമുണ്ടാക്കും. താരിഖ് അൻവർ കൃത്യമായ ഇടവേളകളിൽ കേരളത്തിലെത്തും. എ ഐ സി സി സെക്രട്ടറിമാരായ വിശ്വനാഥനും പി.വി മോഹനും ഐവാൻ ഡിസൂസയും സംസ്ഥാനത്ത് തുടർന്ന് മണ്ഡലതലത്തിൽ ചർച്ച തുടരും.
ബൂത്ത് തലം മുതലുളള മാറ്റം മുതൽ സ്ഥാനാർത്ഥി ആരാകണമെന്ന അഭിപ്രായം വരെ എ.ഐ.സി.സി പ്രതിനിധികൾ തേടും. അശോക് ഗെഹ്‌ലോട്ടും ജി പരമേശ്വരയുമടക്കമുളള മുതിർന്ന നേതാക്കളെ കൂടി സംസ്ഥാനത്തേക്ക് നിയോഗിച്ചതോടെ സ്ഥാനാർത്ഥി നിർണയത്തിലടക്കം ഹൈക്കമാൻഡ് പിടിമുറുക്കുമെന്നുറപ്പാണ്. ഗ്രൂപ്പ് അടിസ്ഥാനത്തിലുളള വീതം വയ്‌പ്പ് ഇനി നടക്കില്ല. കേരളത്തിലെ മുതിർന്ന നേതാക്കളെ കൂടി കണക്കിലെടുത്താണ് മുതിർന്ന അംഗം കൂടിയായ ഗെഹ്‌ലോട്ടിനെ കൊണ്ടുവരുന്നത്. ഗ്രൂപ്പാണ് പ്രശ്‌നമെന്ന വ്യാപകപരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ.
ഹൈക്കമാൻഡ് ഇടപെടലിൽ എ,ഐ ഗ്രൂപ്പുകൾക്ക് വലിയ ആശങ്കയുണ്ട്. വിജയസാദ്ധ്യതയുളള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താൻ ഇരു ഗ്രൂപ്പും വടംവലി നടത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഏറ്റവും കൂടുതൽ എം എൽ എമാരുളള ഗ്രൂപ്പിന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ട പാർലമെന്ററി പാർട്ടി യോഗത്തിൽ നിർണായക സ്വാധീനം ഉണ്ടെന്നിരിക്കെ കേന്ദ്ര നീക്കം ഗ്രൂപ്പ് നേതാക്കളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. അതേസമയം, കേന്ദ്രനീക്കത്തിൽ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനും സംഘടന ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സന്തുഷ്‌ടരാണ്.